Latest News

ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ സാചചര്യത്തിലാണ് സ്വമേഥയാ എടുത്ത കേസ് നടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചത്.

കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. ഒരു തവണ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ബൈജു കൊട്ടാരക്കരയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തിരുന്നു. കോടതിമുറിയിൽ ഫോൺ ഉറക്കെ ശബ്ദിച്ചതോടെ ജഡ്ജ് നീരസം രേഖപ്പെടുത്തിയെങ്കിലും മറ്റ് നടപടികളിലേക്ക് കോടതി കടന്നില്ല.

പൊതുജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാക്കാനാണോ ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ബൈജു കൊട്ടാരക്കരയോട് കോടതി ചോദിച്ചിരുന്നു. ജനശ്രദ്ധ നേടാൻ ഇത്തരം കാര്യങ്ങളല്ല വിളിച്ചു പറയേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമർശം. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്.

കേസിൽ നേരത്തെ, ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങൾ എന്നുമാണ് ബൈജു കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിരുന്നു.

 

shortlink

Post Your Comments


Back to top button