ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനുശേഷം ജെക്സൺ ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഈ ഫോർ എൻ്റർടൈൻമെൻ്റ് & ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ പ്രശസ്ത ആത്മീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കാ പള്ളിയിൽ തുടക്കമായി.
പ്രശസ്ത നിർമ്മാതാവ് എൻ ജി ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തതോടെയാണ് ചിത്രീകരണമാരംഭിച്ചത്. സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച യെന്നു തന്നെ പറയാം.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സെലീനയെ അന്ന ബെൻ അവതരിപ്പിക്കുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുളവാക്കിയ അന്ന ബെന്നിന് ഇതിലെ സെലീന എന്ന കഥാപാത്രവും ഏറെ അംഗീകാരം ഉറപ്പിക്കാൻ പോകുന്നതാണ്. ബെന്നി പി നായരമ്പലം, സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബെന്നി പി നായരമ്പലത്തിൻ്റേതാണ് തിരക്കഥ. ബെന്നിയുടെ തിരക്കഥയിൽ മകൾ അന്ന ബെൻ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കൈതപ്രം, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ഗിരിശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അബു ആർ നായർ.
വാഴൂർ ജോസ്.
ഫോട്ടോ – ഗിരിശങ്കർ.
Post Your Comments