നിരൂപകര്‍ സിനിമയെന്ന മാധ്യമത്തെ കൂടുതല്‍ അറിയേണ്ടത് പ്രധാനമാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. നിരൂപണം ചെയ്യുന്ന ഒരാള്‍ ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടാണ് സംസാരിക്കുന്നതെന്നും സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്നും അഞ്ജലി മേനോൻ പറയുന്നു.
‘പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ്? അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം, ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ’.
‘ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടൊക്കെ ഇവര്‍ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് ഞങ്ങള്‍ക്കൊക്കെ പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്’.
‘നിരൂപണം നടത്തുന്ന ആളുകള്‍ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ വളരെ മൂല്യവത്തായ ചര്‍ച്ചകളാണ് പലപ്പോഴും നടക്കാറ്. അത് വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കുമല്ലോ’.
Read Also:- രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിൽ പ്രിയ വാര്യരും സര്‍ജാനോ ഖാലിദും: 4 ഇയേഴ്സ് തിയേറ്ററുകളിലേക്ക്
‘അത് അവര്‍ മനസിലാക്കുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷമാണ്. നീളന്‍ നിരൂപണങ്ങളൊക്കെ എഴുതുന്നുണ്ട് ഇപ്പോള്‍ ആളുകള്‍. പ്രേക്ഷകരിൽ നിന്ന് നിരൂപകര്‍ വളര്‍ന്നു വരുമ്പോള്‍ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ’, അഞ്ജലി മേനോന്‍ പറഞ്ഞു.
Post Your Comments