ഹൈദരാബാദ്: മുതിർന്ന നടനും തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1980കളിൽ കോൺഗ്രസിൽ ചേർന്ന് എംപിയായെങ്കിലും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു.
1960കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്ണ, 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സംവിധായകനും നിർമാതാവും കൂടിയാണ്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ആദ്യ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാദേവി ഈ വർഷം സെപ്റ്റംബറിലാണ് മരിച്ചത്. മൂത്തമകൻ രമേഷ് ബാബു ജനുവരിയിൽ മരിച്ചിരുന്നു. രണ്ടാം ഭാര്യയായിരുന്ന നടി വിജയ നിർമല 2019ൽ മരിച്ചു. മറ്റു മക്കൾ: പത്മാവതി, മഞ്ജുള, പ്രിയദർശിനി.
Post Your Comments