സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. അതുകൊണ്ട് തന്നെ ‘റിയൽ ലൈഫ് ചാർളി, മല്ലു സൂപ്പർമാൻ’ എന്നിങ്ങനെയെല്ലാം ആരാധകർ വിശേഷിപ്പിക്കുന്നു. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രണവ് ഇപ്പോൾ യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാൽനടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറയുന്നു.
‘ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട് അതില്‍ യാത്രയുടെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രണവിനെ കുറിച്ച് ഹൃദയം സിനിമയുടെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. അന്ന് തായ്ലാൻഡിലായിരുന്ന അവൻ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാൻ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്’, എന്നാണ് വിശാഖ് പറഞ്ഞിരുന്നത്.
Post Your Comments