CinemaGeneralNEWS

സിനിമയെ വിമർശിക്കുന്നവർ സ്വയം എന്ത് യോഗ്യതയുണ്ടെന്ന് ആലോചിക്കണമെന്ന് റോഷൻ ആന്‍ഡ്രൂസ്

സിനിമയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ആളുകൾ സ്വയം ചിന്തിക്കണമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല, പക്ഷെ സിനിമയെ കൊല്ലരുത് എന്നാണ് അദ്ദേഹം പറയുന്നത്. കൊറിയന്‍ രാജ്യങ്ങളിലൊന്നും അവര്‍ സിനിമയെ വിമര്‍ശിക്കാറില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. എഡിറ്റോറിയല്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഒരു സിനിമ എന്ന് പറയുമ്പോള്‍ 140-150 കുടുംബങ്ങളാണ് അവിടെ ജോലിക്ക് വരുന്നത്. പിന്നെ ആ സിനിമ തിയേറ്ററിലേക്ക് വരുമ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ മുതല്‍ അഭിനയിക്കുന്ന നടീ നടന്‍മാര്‍ വരെ നോക്കിയാല്‍, ഒരു 2500 കുടുംബങ്ങള്‍ ഒരു സിനിമ കൊണ്ട് ജീവിക്കുന്നുണ്ട്. പിന്നെ കൊറിയന്‍ രാജ്യങ്ങളില്‍ ഒരു സിനിമയെ വിമര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ ആ സിനിമയുടെ നല്ല വശങ്ങളാണ് പറയുന്നത്. ഇവിടെ നമ്മള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇട്ട് കളയും. വിമര്‍ശിക്കാം നമുക്ക്. പക്ഷെ നിങ്ങള്‍ക്ക് എന്താണ് യോഗ്യത എന്നുള്ളത് കൂടെ പ്രധാനമാണ്.

ഇപ്പോള്‍ തിയേറ്ററില്‍ സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ തന്നെ മൈക്കുമായി വന്ന് എങ്ങനെയുണ്ട് സിനിമ എന്നാണ് ചോദിക്കുന്നത്. അപ്പോള്‍ പ്രേക്ഷകര്‍, അത് ആരാധകരാവാം അല്ലാതിരിക്കാം. അവര്‍ അപ്പോള്‍ തന്നെ ആ സിനിമയെ കീറി മുറിക്കുകയല്ലേ. പിന്നെ സിനിമ കാണാന്‍ പോകുന്നതിന് മുമ്പ് യൂട്യൂബ് എടുത്ത് നോക്കും, പടത്തെ കുറിച്ച്. പണ്ട് ഇത് ഉണ്ടായിരുന്നോ? എന്റെ ഓര്‍മ്മയില്‍ അതില്ല. ഇനി മൈക്ക് പിടിച്ച് ആളുകള്‍ തിയേറ്ററിന് ഉള്ളിലേക്ക് കയറുമെന്നാണ് തോന്നുന്നത്.

ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയേറ്ററില്‍ പോയി അഭിപ്രായം ചോദിക്കുന്നത് ഒഴിവാക്കണം. ജനം പടം കാണട്ടെ. മുടക്കുമുതല്‍ കിട്ടട്ടെ. നിങ്ങള്‍ കുടുംബമായി ഒരു നൂറോ അന്‍പതോ കൊടുത്ത് എവിടെയൊക്കെ ഔട്ടിംഗിന് പോകുന്നുണ്ട്. ഇതൊരു എന്റര്‍ട്ടെയിന്‍മെന്റ് മീഡിയമാണ്. നിങ്ങള്‍ ഒരു നാടകം കണ്ട് കയ്യടിക്കുന്നത് പോലെയാണ് ഒരു ഫിക്ഷന്‍ കണ്ട് കയ്യടിക്കുന്നത്. നിങ്ങള്‍ ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കത്തിച്ച് കളയാറുണ്ടോ? അത് മാറ്റിവെക്കുകയല്ലേ ചെയ്യുക. അതുപോലെ സിനിമയെ കത്തിക്കാതിരിക്കുക.

നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളു. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനാണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം’, സംവിധായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button