സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘അപ്പൻ’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. ഈ വര്‍ഷമിറങ്ങിയ മികച്ച മലയാള സിനിമകളുടെ ഇടയിൽ അപ്പനും ഇടംനേടി. ചിത്രത്തിന്റെ തിരക്കഥയും അഭിനയവുമാണ് ‘അപ്പൻ’ മികവിലേക്കുയരാൻ കാരണം. സണ്ണി വെയ്ൻ, അനന്യ, അലൻസിയർ,പൗളി വത്സന്‍ ഇവരെ കൂടാതെ ഒരുപാട് കലാകാരന്മാർ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ചിത്രം ഇത്രയേറെ ശ്രദ്ധനേടുന്നത്.
സണ്ണി വെയ്ൻ അവതരിപ്പിച്ച ‘ഞ്ഞൂഞ്’ എന്ന കഥാപാത്രം ചിത്രം കണ്ടുകഴിഞ്ഞാലും മനസില്‍ മായാതെ നില്‍ക്കും. തന്റെ അപ്പൻ ചെയ്ത കൊള്ളരുതായ്മയ്ക്ക് എല്ലാം അനുഭവിക്കേണ്ടി വരുന്നത് ‘ഞ്ഞൂഞ്ഞിനാണ്. ‘ഞ്ഞൂഞ്’ തന്റെ കഷ്‍ടപ്പാടുകൾ, വിഷമതകൾ എല്ലാം പറയുമ്പോൾ പ്രേക്ഷകനിൽ ഉണ്ടാകുന്ന വിങ്ങൽ അത് സണ്ണി വെയ്ൻ എന്ന പ്രതിഭയുടെ അടയാളമാണ്.
സണ്ണി വെയ്‍നെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത ചിതമാണ് ‘അപ്പൻ’. ചിത്രം കണ്ടതിനു ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ കുറിച്ച വക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘എഴുത്തുകൊണ്ട്, കഥാപാത്രസൃഷ്‍ടികൾ കൊണ്ട്, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ട് മനസിലേക്ക് ചേക്കേറുന്ന ‘അപ്പൻ’. സണ്ണീ.. കലക്കിയെടാ. ഇതാണ് നുമ്മ പറഞ്ഞ നടൻ എന്ന് അഭിമാനത്തോടെ പറയിപ്പിച്ചു കളഞ്ഞു. ‘ഞ്ഞൂഞ്ഞ്’ മനസിൽ നിന്ന് മായില്ല. അലൻസിയർ ചേട്ടൻ ഗംഭീരം. സ്‌ക്രീനിൽ നിന്ന് വലിച്ചു പുറത്തിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിപ്പിച്ച പ്രകടനം’.
‘പൗളി ചേച്ചി, അനന്യ, ഗ്രേസ്, പേരുകൾ പോലും അറിയാത്ത കലാകാരന്മാർ, എല്ലാവരും പരസ്‍പരം മത്സരിച്ചു അഭിനയിച്ചു തകർത്ത പടം’ മിഥുൻ മാനുവൽ തോമസ് പറയുന്നു. കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടത്. നേരത്തെ, ചിത്രത്തെ പ്രശംസിച്ച് മധുപാലും രംഗത്തെത്തിയിരുന്നു.
Post Your Comments