മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ ഒരുക്കുന്നത്. തന്റെ തിരക്കഥയിൽ മോഹൻലാൽ മാറ്റങ്ങൾ വരുത്തിയെന്ന് തുറന്നു പറയുകയാണ് ജിജോ. ഒരുപാട് പ്രതിസന്ധികൾ ചിത്രം നേരിട്ടുവെന്നും, തൻ നൽകിയ കഥയിലും തിരക്കഥയിലും മോഹൻലാൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്നും ജിജോ പറയുന്നു. തന്റെ പുതിയ ബ്ലോഗിലൂടെയായിരുന്നു ജിജോയുടെ വെളിപ്പെടുത്തൽ.
ജിജോ പുന്നൂസിന്റെ വാക്കുകൾ ഇങ്ങനെ:
‘2018-ലാണ് ബറോസിന്റെ ആലോചനകൾ തുടങ്ങുന്നത്. 2019-ൽ എളമക്കരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ വെച്ചാണ് ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് ഒരു മലയാളം സിനിമ സാധ്യമാണെന്ന് താൻ അദ്ദേഹത്തെ അറിയിക്കുന്നത്. എന്നാൽ, തനിക്ക് ആ സിനിമ സംവിധാനം ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞു. ഉടൻ മോഹൻലാൽ ആ ചിത്രം സ്വയം സംവിധാനം ചെയ്യാമെന്ന് അറിയിച്ചു. പിന്നീട് 22-ലധികം തവണയാണ് താൻ ആ സിനിമയുടെ തിരക്കഥ തിരുത്തിയത്. 2020-ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും കൊവിഡ് പ്രതിസന്ധികൾ മൂലം നിരവധി തവണ സിനിമ നിർത്തിവെക്കേണ്ടി വരുകയും ചെയ്തു.
ഒരു സമയം കഴിഞ്ഞപ്പോൾ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചനകളുണ്ടായി. ലോക്ക് ഡൗൺ ഇളവുകൾ വന്നു തുടങ്ങി, ലോകമെമ്പാടുമുള്ള സിനിമാ ഷൂട്ടിംഗ് പുനരാരംഭിച്ചു, ഞങ്ങളുടെ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും അടുത്ത പ്ലാനിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. എന്നാൽ, ബറോസിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് 2021 അവസാനത്തോടെ ട്രെൻഡ് ആയി മാറിയ ഒടിടി ഫിലിം മേക്കിംഗിലേക്ക് കുടിയേറിയതായി തോന്നുന്നു. അവരുടെ അത്തരം നാല് നിർമ്മാണങ്ങൾ കൂടുതലും കേരള സംസ്ഥാനത്തിന് പുറത്താണ്. ത്രീഡി തിയേറ്റർ റിലീസിനായി ഉദ്ദേശിച്ച, ഞങ്ങളുടെ ബറോസ് എന്ന സിനിമ പ്രായോഗികമല്ലാത്ത ഒരു ഓപ്ഷനായി തോന്നി. വാസ്തവത്തിൽ, പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വരെ നടന്നു. ഹൈദരാബാദിൽ വെച്ച് ( ബ്രോ ഡാഡി ലൊക്കേഷൻ) സമയം കളയാതെ, കൊച്ചി കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോയിലെ ട്രഷർ സെല്ലർ സെറ്റുകൾ പൊളിച്ചുമാറ്റാൻ ആന്റണിയുടെ സന്ദേശം വരെയുണ്ടായി.
2021 നവംബറിൽ ആശിർവാദിന്റെ ഒടിടി ഫിലിം പ്രൊജക്‌റ്റുകൾ പൂർത്തിയാക്കിയ ശേഷം, ബറോസ് പുനരാരംഭിക്കാനുള്ള ആലോചനകളിലെത്തി. ലാലുമോൻ (മോഹൻലാൽ) മുൻകൈ എടുത്താണ് അത് സംഭവിച്ചതെന്ന് കരുതുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം കഥ, തിരക്കഥ, അഭിനേതാക്കൾ എല്ലാത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. അന്ന് (2021 നവംബർ മാസത്തിൽ) വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷൻ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ ഒന്നും സാധ്യതയില്ലായിരുന്നു. മോഹൻലാലിന്റെ അടുത്ത കോൾ ഷീറ്റുകൾ മറ്റ് പ്രോജക്റ്റുകൾക്ക് നൽകുന്നതിന് മുമ്പ് 4 മാസത്തെ ഡേറ്റുകൾ ഉപയോഗിക്കാൻ നിർമ്മാതാവ് തീരുമാനിച്ചു. അതിനാൽ, വിശദമായ ചർച്ചകൾക്ക് ശേഷം, ബറോസ് എന്ന മലയാള സിനിമയുടെ കഥയും തിരക്കഥയും മാറ്റാൻ തീരുമാനിച്ചു. തിരക്കഥ വീണ്ടും എഴുതുന്നു. ലാലുമോൻ, തന്റെ സമീപകാല ഹിറ്റായ ഒടിയൻ, പുലിമുരുകൻ, ലൂസിഫർ, മരക്കാർ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരുക്കി.
മാറിയ തിരക്കഥയിൽ മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാൻ കഴിയും (എന്റെ വെറും 7 സിനിമകളിൽ നിന്നുള്ള അറിവല്ലല്ലോ). ഈ പുനർനിർമ്മാണത്തിൽ ലാലുമോനെ സഹായിക്കാനുള്ള ചുമതല രാജീവ് എന്നിൽ നിന്ന് ഏറ്റെടുത്തു. 2022 ഏപ്രിൽ അവസാനത്തിൽ ബറോസ് നിധിയുടെ ചുവരുകളിൽ കറങ്ങുന്ന സീൻ എക്‌സിക്യൂട്ട് ചെയ്യാൻ മോഹൻലാൽ തന്നെ വിളിച്ചിരുന്നു. ബറോസ് എന്ന സിനിമയിലെ തന്റെ പങ്കാളിത്തം അതുമാത്രമാണ്’, അദ്ദേഹം കുറിച്ചു.
Leave a Comment