കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ ഇപ്പോഴും ജനപ്രീതിയോടെ മുന്നേറുകയാണ്. ഷോയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ജനപ്രീതി ഉള്ള ഒരാളാണ് നടി ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ താരം, അടുത്തിടെ സിനിമയില്‍ ചുവടുറപ്പിച്ചിരുന്നു. പരിപാടിയുടെ പുതിയ പ്രൊമോയിൽ ശ്രീവിദ്യ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ പലപ്പോഴായി വിമര്‍ശനം ഉയർന്നിരുന്നു. ഇത്തവണ പ്രശ്‌നം ദ്വയാര്‍ത്ഥമുള്ള തമാശയാണ്. ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് പുതിയ പ്രോമോ വീഡിയോയിലുള്ളത്. പിന്നാലെ ‘എനിക്ക് ഈ കിടക്ക പങ്കിടാന്‍ താൽപ്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു’ എന്ന് ശ്രീവിദ്യ പറയുന്നു. ഇതോടെ ‘ആരുടെ കൂടെയായിരുന്നു’വെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നുണ്ട്. ‘എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്.
ഇത് കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നുണ്ട്. സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഓഡിറ്റിങ്ങിന് വിധേയമായിരിക്കുന്നത്. ശ്രീവിദ്യയുടെ തമാശ കുറച്ച് കടുത്ത പോയെന്നും, റേറ്റിങ്ങിന് വേണ്ടി എന്തും പറയാമെന്നാണോ കരുതിയിരിക്കുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നു.
‘എന്ത് വളിപ്പ് ആണിത്, ഒരു സ്റ്റാര്‍ന്റേഡ് ഇല്ല, വളരെ ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയി. റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയരുത്, പറയിപ്പിക്കരുത്. കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. എന്നാല്‍, ഇപ്പോള്‍ നിലവാരമില്ല. ദ്വയാര്‍ത്ഥം അമിതമായി ഉപയോഗിച്ചാല്‍ കോമഡി ആവില്ല’, ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
തുടക്കകാലത്ത് തനിക്ക് അഭിമുഖീകരിക്കണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ശ്രീവിദ്യ എന്നിരിക്കെ അത്തരം വാക്കുകൾ തമാശയുടെ രൂപത്തിൽ ശ്രീവിദ്യ തന്നെ അവതരിപ്പിക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വൈശാഖ് സംവിധാനം ചെയ്ത ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്. റോഷൻ മാത്യു, അന്ന ബെൻ എന്നിവർ അഭിനയിച്ച ചിത്രത്തില്‍, ‘അമ്മിണി അയ്യപ്പന്‍’ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
Post Your Comments