‘തിങ്കളാഴ്ച നിശ്ചയം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. ‘മേഡ് ഇൻ കാഞ്ഞങ്ങാട്’ എന്ന ടാഗ്‍ലൈനിൽ എത്തിയ തിങ്കളാശ്ച നിശ്ചയത്തിന്റെ പശ്ചാത്തലം ഒരു കല്യാണ നിശ്ചയവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്. പെട്ടെന്നൊരു ദിവസം ഇളയമകൾ സുജയുടെ വിവാഹനിശ്ചയം നടത്തേണ്ടി വരുന്നതും, ഇതേ തുടർന്നുളള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
‘1744 വൈറ്റ് ഓൾട്ടോ’ ആണ് സെന്നയുടെ അടുത്ത ചിത്രം. ഷറഫുദ്ദീൻ, വിൻസി അലേഷ്യസ്, രാജേഷ് മാധവൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാനതാരങ്ങൾ. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ക്രൈം-കോമഡി ത്രില്ലർ സിനിമയാണിത്.
Also Read: നിരഞ്‍ജ് മണിയൻപിള്ള രാജുവിന്റെ ‘വിവാഹ ആവാഹനം’ റിലീസിനൊരുങ്ങുന്നു
ഇപ്പോളിതാ, ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ സെന്ന പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ സീരിയസ് സന്ദർഭങ്ങൾ നർമ്മത്തിലൂടെ പറയുമ്പോഴാണ് സ്വീകാര്യത കൂടുക എന്നാണ് സംവിധായകൻ പറയുന്നത്. ഒരാളോട് ‘നീ അത് ചെയ്യൂ’ എന്നു ശാസിച്ച് പറയുന്നതിന് പകരം നർമം കലർത്തി ഒരുകാര്യം പറഞ്ഞാൽ കുറച്ചുകൂടി സ്വീകാര്യത കിട്ടും എന്നും ഹ്യൂമറിലാണ് താൻ വിശ്വസിക്കുന്നത് എന്നും സെന്ന പറയുന്നു. ഹ്യൂമർ എല്ലാത്തിനെയും സുഖപ്പെടുത്തും. കയ്പുള്ള കഷായം കഴിക്കാൻ മടിയുള്ളവർക്ക് കൽക്കണ്ടം കൂടി ഇട്ടുകൊടുത്താൽ അവർ എളുപ്പം കഴിക്കും എന്നും അദ്ദേഹം പറയുന്നു. കൂടാതെ താൻ ഇംഗ്ലീഷിൽ ചിന്തിച്ച്, ഇംഗ്ലീഷിൽ എഴുതി കേരളത്തിൻ്റെ കഥ പറയുന്നയാളാണെന്നാണ് തൻ്റെ സ്ക്രിപ്റ്റ് റൈറ്റിംഗ് മെത്തേഡിനേക്കുറിച്ച് സെന്ന ഹെഗ്ഡെ പറയുന്നത്.
Post Your Comments