തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരണവുമായി നടി ദിവ്യ എം നായർ രംഗത്ത്. തന്റെ ഫോട്ടോ വച്ചു കൊണ്ടുള്ള വ്യാജ വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അധികാരപ്പെട്ടവർക്ക് പരാതി നൽകിയതായും നടി വ്യക്തമാക്കി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Also Read: അനശ്വര രാജന്റെ ‘മൈക്ക്’ ഒടിടി റിലീസിനൊരുങ്ങുന്നു
ദിവ്യ എം നായരുടെ വാക്കുകൾ:
ഞാന്‍ ദിവ്യ എം നായര്‍. ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പ്രത്യേക കാരണമുണ്ട്. എന്റെ ചിത്രം ഉപയോഗിച്ച് വാട്സ്ആപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കാണാൻ ഇടവന്നു. അതുകണ്ട ഉടന്‍ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും ഡെപ്പ്യൂട്ടി കമ്മിഷണര്‍ക്കും എസ്എച്ചഒയ്ക്കും നേരിട്ട് ചെന്ന് പരാതി നല്‍കുകയുണ്ടായി.ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍ തന്നെ പൊലീസിന് മനസിലായി. ഇനിയും ഈ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ ഈ വിഡിയോ ചെയ്യാന്‍ കാരണം തന്നെ ഈ വാര്‍ത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളത് കൊണ്ടാണ്. മനഃപൂര്‍വം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരു കാര്യമാണ് ഇത്.
ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതെല്ലാവര്‍ക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവര്‍ക്ക് വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്റെ ചിത്രം വച്ചുള്ള ഈ വ്യാജവാര്‍ത്ത നിങ്ങളുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള്‍ രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.
Post Your Comments