കെജിഎഫ് 2 എന്ന ചിത്രത്തിന് ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ. കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സലാർ. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘വരദരാജ മന്നാര്‍’ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഭുവന്‍ ഗൌഡ ഛായാഗ്രഹണവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. രവി ബസ്‍രൂരാണ് ഈണം നൽകുന്നത്. അതേസമയം, 2023 സെപ്റ്റംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രഭാസ് ഇരട്ടവേഷത്തിലായിരിക്കുമെത്തുക എന്ന റിപ്പോർട്ടുകളുണ്ട്. രണ്ട് കാലഘട്ടങ്ങളുടെ കഥയായിരിക്കും സിനിമ പറയുക എന്നാണ് സൂചന.
Leave a Comment