സിനിമ കണ്ട് ആളുകൾ ചീത്തയാവുന്നത് അപൂർവ്വമാണെന്ന് നടൻ മമ്മൂട്ടി. സിനിമ ഉണ്ടാകുന്നതിനും മുമ്പേ മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ടെന്നും ഇലന്തൂരിലെ നരബലിയോട് ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. എന്നാൽ, നരബലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് താരം ഉത്തരം പറയാനും തയ്യാറായിരുന്നില്ല.
‘എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. നമ്മളെല്ലാം എല്ലാം തികഞ്ഞ മനുഷ്യരല്ല. നമ്മൾ കാണാത്ത തിന്മകൾ എല്ലാ മനുഷ്യരിലുമുണ്ട്. അങ്ങനെയുള്ള സിനിമകളിൽ നിഗൂഢതകളുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രൈമിലെ പ്രതി സർവസമ്മതനായ ഒരു മനുഷ്യനും സംശയം തോന്നാത്ത സൗമ്യനായ ഒരാളുമാണ്. ഇത്രയും ക്രൈം ചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാൻ പറ്റും’.
‘സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് പറയാം. ഞാനായിട്ട് പറയുന്നതല്ല, പണ്ട് മുതലേ പറയുന്നതാണ്. സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാവുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാവുന്നതിന് മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്’ മമ്മൂട്ടി പറഞ്ഞു.
അതേസമയം നരബലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി ഉത്തരം പറയാൻ തയ്യാറായിരുന്നില്ല. മറ്റൊരു ചോദ്യത്തിന് ഉത്തരം നൽകവേയാണ് നരബലിയെ പറ്റിയും മമ്മൂട്ടി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നരബലി നടന്നു. ഈ സിനിമയുടെ പേര് പോലും റോഷാക്ക് എന്നാണ്. സ്വിസ് ജർമൻ സൈക്കോളജിസ്റ്റിന്റെ പേരാണ്. അടുത്ത കാലത്ത് മലയാള സിനിമയിലിറങ്ങിയ പലതും ക്രിമിനൽ പശ്ചാത്തലത്തിലുള്ള സിനിമകളാണെന്നാണ് മുൻ ഡിജിപി പറഞ്ഞത്. ഈ സിനിമയേയും ഇപ്പോഴത്തെ സംഭവവികാസങ്ങളേയും എങ്ങനെ വിലയിരുത്തുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
Read Also:- മലയാളത്തിലും റിലീസ് പ്രഖ്യാപിച്ച് റിഷഭ് ഷെട്ടിയുടെ ‘കാന്താര’
സിനിമയെ സംബന്ധിക്കുന്ന കാര്യമല്ലല്ലോയെന്നായിരുന്നു ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയെ സംബന്ധിക്കുന്ന കാര്യമാണോ ചോദിച്ചത്. ടൈറ്റിൽ ജർമൻ സൈക്കോളജിസ്റ്റിന്റെ പേരാണ്. അതുകൊണ്ടെന്താ? സൈക്കോളജിസ്റ്റിന്റെ പേരിൽ സിനിമ വരാൻ പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments