ചെന്നൈ: നടി നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി അന്വേഷണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഗര്‍ഭം ധരിച്ച സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച് രേഖകള്‍ ശേഖരിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ രേഖകളും നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ദമ്പതികളോട് വിശദീകരണവും തേടും.
അടുത്തിടെയാണ് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്‌നേഷും നയന്‍താരയും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ ദമ്പതികൾക്ക് വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തുടർന്നാണ് സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, വിഷയത്തിൽ നയൻതാരയും വിഘ്നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായി. ‘എല്ലാം കൃത്യമായ സമയത്ത് നിങ്ങൾ അറിയും. ക്ഷമയോടെ കാത്തിരിക്കുക’,എന്നാണ് വിഘ്നേഷ് പോസ്റ്റ് ചെയ്തത്.
Post Your Comments