മലയാള സിനിമ ലോകത്ത് വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ സിനിമകൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അടുത്തിടെ അദ്ദേഹത്തെ കുറിച്ച് പല വിവാദങ്ങളും ഉണ്ടാകുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും സനൽ കുമാർ വളരെ സജീവമാണ്. പലപ്പോളും അദ്ദേഹം പങ്കുവെക്കാറുള്ള പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോളിതാ, അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തെക്കൻ തല്ല് കേസ് എന്ന സിനിമ കണ്ടെന്നും ചിത്രം വളരെ ഇഷ്ടമായെന്നുമാണ് സനൽ പറയുന്നത്. തെക്കൻ തല്ലുകേസിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ബിജുമേനോന്റെയും റോഷൻ മാത്യുവിന്റെയും തന്മയത്വമുള്ള പ്രകടനങ്ങളാണെന്നും റോഷൻ ഒരു ഉഗ്രൻ നടനാണെന്നും സനൽ കുമാർ ഫേസ്ബുക്കിൽ എഴുതി.
Also Read: ‘ഗന്ധഡ ഗുഡി’ ട്രെയിലർ എത്തി: റിലീസ് പുനീതിന്റെ ഒന്നാം ഓർമ്മ ദിനത്തിൽ
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഏറെ നാളുകൾക്ക് ശേഷം കണ്ട മലയാള സിനിമയാണ് തെക്കൻ തല്ല് കേസ്. വളരെയധികം ഇഷ്ടമായി. ഇന്ദുഗോപന്റെ കഥകളിലെ വയലൻസ് മനോഹരമാണ്. അത് ആകാംഷ കൊണ്ട് ചങ്കിടിപ്പ് കൂട്ടുമ്പോഴും അതിനുള്ളിൽ മധുരമുള്ള ഒരു മനുഷ്യത്വം ഒളിഞ്ഞിരിക്കും. കഥാപാത്രങ്ങളിലെ പകയും പ്രതികാരവും പാമ്പിനെപ്പോലെ ഫണം വിടർത്തിയാടുമ്പോഴും ഉള്ളിൽ ക്ഷമയുടെയും സഹനത്തിന്റെയും വഴുമ്പലുകളുണ്ട്. കഥയിലെ, നിയമത്തിന്റെ വിധിതീർപ്പുകൾക്ക് വഴങ്ങാത്ത മനുഷ്യത്വമുള്ള വയലൻസിനെ ചലച്ചിത്രഭാഷ്യമാക്കിയപ്പോഴും കാത്തു സൂക്ഷിച്ചിട്ടുണ്ട്. നിയമങ്ങളുടെ ഇരുമ്പൻ പിടിത്തങ്ങൾക്കപ്പുറത്തേക്ക് വഴുതുന്ന നൈസർഗികമായ സ്ത്രീപുരുഷ ബന്ധങ്ങളെ കാണാനാകുന്ന സിനിമകൾ ഇന്ന് അപൂർവമാണ്. ഭരതനും പത്മരാജനുമൊക്കെ അത് കാണിച്ചിരുന്നു. തെക്കൻ തല്ലുകേസിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ബിജുമേനോന്റെയും റോഷൻ മാത്യുവിന്റെയും തന്മയത്വമുള്ള പ്രകടനങ്ങളാണ്. ബിജുമേനോനെ മിഖായേലിന്റെ സന്തതികൾ മുതൽ ഇഷ്ടമാണ്. റോഷൻ മാത്യു ആദ്യമായി ഹൃദയത്തിൽ കയറി. അയാൾ ഒരു ഉഗ്രൻ നടനാണ്!
Post Your Comments