മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് എന്ന റിവഞ്ച് ത്രില്ലർ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്കിന് ഇപ്പോൾ മികച്ച പ്രേക്ഷക റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ കണ്ട് ത്രില്ലടിച്ച് ജയൻ വന്നേരി എന്ന സിനിമ പ്രേക്ഷകൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ലൂക്ക് ആന്റണിയെ മുന്നോട്ട് നയിക്കുന്നത് പകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ജയൻ വന്നേരിയുടെ സിനിമാ അനുഭവം ഇങ്ങനെ:
നിങ്ങൾക്ക് രണ്ടു കാര്യങ്ങൾ കൊണ്ട് ജീവിതത്തെ മുന്നോട്ട് നയിക്കാനാകും. ഒന്ന് സ്നേഹം കൊണ്ട്, മറ്റൊന്ന് പക കൊണ്ട്. ലൂക്ക് ആന്റണി രണ്ടാമത് പറഞ്ഞ കാര്യം കൊണ്ട്, അടിമുടി പക കൊണ്ട് ജീവിക്കുന്ന ഒരാളാണ്.. അല്ലെങ്കിൽ പക മൂത്ത് ഭ്രാന്തായ ഒരാൾ.. അതാണ് ലൂക്ക് ആന്റണി. മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ റിവഞ്ചു സ്റ്റോറികളിൽ നിന്നും അടിമുടി വ്യത്യസ്തമായ ഒരു സിനിമയാണ് റോഷാക്ക്. ഒരു ഹോളിവുഡ് സ്റ്റൈൽ ട്രീറ്റ്മെന്റ് ഉള്ള മനോഹരമായ ഒരു ചിത്രം.
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മികവിനെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന് സാധിച്ചു. ആ നോട്ടം, ചിരി, എക്സ്പ്രെഷൻസ്, ബോഡി ലാന്ഗ്വാജ്… ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മുക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും.. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാൻ മറ്റാരേകൊണ്ടും സാധിക്കുമെന്ന് തോന്നുന്നില്ല. മമ്മുട്ടി എന്ന നടന്റെ സൗന്ദര്യം അയാൾക്ക് സിനിമോടുള്ള അടങ്ങാത്ത പ്രണത്തിൽ നിന്നുണ്ടാകുന്നതാണ്. ഈ ചിത്രത്തിൽ വീണ്ടും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂടുകയാണ്..
സാധാരണ ഒരു സൂപ്പർ താരം അഴിഞ്ഞാടുന്ന ചിത്രത്തിൽ മറ്റുള്ളവരെല്ലാം ആ കഥാപാത്രത്തെ വലം വെക്കുന്ന വെറും ഉപഗ്രഹങ്ങൾ ആയി ചുമ്മാ കറങ്ങി തിരിയാറാണ് പതിവ്.. എന്നാൽ ആ പതിവ് തെറ്റിച്ചു കൊണ്ട് ഈ ചിത്രത്തിൽ ഓരോ ചെറിയ കഥാപാത്രവും വ്യക്തമായ ഐഡന്റിറ്റിയും സ്പേയ്സും ഡെപ്തും ഉള്ള കഥാപാത്രങ്ങൾ ആയിരിക്കുകയും അവ കൈകാര്യം ചെയ്ത നടീ നടന്മാർ അവരുടെ പെർഫോമെൻസ് കൊണ്ട് മികച്ച റിസൾട്ട് നൽകുകയും ചെയ്‌തിട്ടുണ്ട്.. ഷറഫുദ്ധീൻ, ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പെർഫോമൻസ് നൽകിയപ്പോൾ ബിന്ദു പണിക്കർ അവരുടെ കരിയർ ബെസ്റ്റ് പെർഫോമെൻസിലൂടെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. സെക്കന്റ് ഹാഫിലെ രണ്ടു മൂന്ന് സീനിൽ അവരുടെ പ്രകടനം അതുവരെ നിറഞ്ഞാടിയ മമ്മുക്കയെ പോലും മറി കടക്കുന്നതായി തോന്നി.. പ്രായവും അസുഖവും തളർത്തിയ ഒരു കലാകാരിക്ക് നൽകാവുന്ന ഏറ്റവും മഹത്തരമായ പിന്തുണയാണ് ഇങ്ങനെയൊരു കഥാപാത്രവും ഈ സിനിമയും.
മികച്ച തിരക്കഥയുടെ ബലത്തിൽ (രണ്ടാം പകുതി കുറച്ചൂടെ ബെറ്റർ ആക്കാമായിരുന്നെന്നു തോന്നി) നിസാം ബഷീർ അണിയിച്ചൊരുക്കിയ റോഷാക്ക് റിവഞ്ച്, സൈക്കോ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ഒരു മൂവിയാണ്. മനോഹരമായ ഛായാഗ്രഹണത്തിന്റയും മികച്ച ചിത്രസംയോജനത്തിന്റെയും സഹായത്തോടെ ഒരു സ്ലോ പെയ്‌സ്ഡ് ട്രീറ്റ്മെന്റിൽ പറഞ്ഞു പോകുന്ന ചിത്രത്തെ ഒട്ടും മുഷിപ്പിക്കാതെയും ഓരോ സീനും ത്രില്ലിങ്ങോടെയും ആസ്വദിക്കാൻ ബാക്ക് ഗ്രൗണ്ട് സ്കോർ നൽകുന്ന പിന്തുണ ഗംഭീരമാണ്. തീർച്ചയായും തിയറ്ററിൽ കണ്ട് ആസ്വദിക്കേണ്ട ഒരു മികച്ച കലാസൃഷ്ടി… മമ്മുക്കക്കും നിസാമിനും റോഷാക്ക് ടീമിനും.
Post Your Comments