മുംബൈ: മുതിർന്ന ചലച്ചിത്ര നടൻ അരുൺ ബാലി (79) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി മൈസ്തീനിയ ഗ്രാവിസ് അസുഖത്തിന് ചികിത്സയിലായിരുന്നു. ഈ വർഷം ആദ്യമാണ് രോഗത്തെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബാലിയുടെ മകൻ അങ്കുഷ് മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
1991ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് ബാലി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജു ബൻ ഗയാ ജെന്റിൽമാൻ, ഖൽനായക്, സത്യ, ഹേ റാം, ലഗേ രഹോ മുന്ന ഭായ്, 3 ഇഡിയറ്റ്സ്, റെഡി, ബർഫി, മൻമർസിയാൻ, കേദാർനാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാൽ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ദസ്തൂർ, കുങ്കും, ശക്തിമാൻ, മഹാഭാരത്, ആഹത്, സ്വാഭിമാൻ, ചാണക്യ തുടങ്ങിയവയാണ് അരുൺ ബാലി അഭിനയിച്ച സീരിയലുകൾ. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച വെള്ളിയാഴ്ച റിലീസ് ചെയ്ത ഗുഡ്ബൈ ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.
Post Your Comments