
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു തെക്കൻ തല്ല് കേസ്’. ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. പത്മപ്രിയയാണ് സിനിമയിൽ നായിക. റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ ആറ് മുതലാണ് സിനിമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ആകും സ്ട്രീമിംഗ്. എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയെ വളരെ രസകരമായിട്ടായിരുന്നു ബിജു മേനോൻ അവതരിപ്പിച്ചത്.
ഹാസ്യവും ആക്ഷനും ഇടകലർത്തിയ ഒരു മുഴുനീള എന്റർടെയ്നറാണ് ‘ഒരു തെക്കൻ തല്ലു കേസെ’ന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു. റോഷൻ മാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളും ആയിരുന്നു ചിത്രത്തിന്റെ പ്രമേയം.
Read Also:- ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഇ ഫോർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മുകേഷ് .ആർ. മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍.
Post Your Comments