സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ റിലീസിന് ഒരുങ്ങുകയാണ്. സൈജു കുറുപ്പ്, സലിം കുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശ്രിന്ദ, പൂനം ബജ്‍വ, വീണ നായർ, അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങൾ. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സെപ്റ്റംബർ 30ന് ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തും.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പൗരത്വ നിയമഭേദഗതിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഈ നിയമ ഭേദഗതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ടെങ്കിൽ തന്റെയടുത്ത് സംസാരിക്കാമെന്ന് പലരോടും പറഞ്ഞവെന്നും എന്നാൽ ഒരു കേസ് പോലും തന്റെയടുത്ത് വന്നില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അഭയാർഥികളുടെ വിഷയത്തിൽ എല്ലാ രാജ്യങ്ങളിലും ചില നിബന്ധനകളുണ്ട്. അത്തരമൊരു നിബന്ധന മാത്രമേ ഇന്ത്യ മുന്നോട്ട് വെച്ചിട്ടുള്ളു എന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read: ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധന ഫലം ഉടൻ ലഭിച്ചേക്കും
സുരേഷ് ഗോപിയുടെ വാക്കുകൾ:
നമ്മുടെ നാട്ടിൽ സിഎഎ നടപ്പിലാക്കിയിരിക്കുന്നു. ആ ആക്റ്റിൽ ഒപ്പിട്ട എംപി ആണ് ഞാൻ. ആ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനത്തിലെ അംഗമാണ് ഞാൻ. ആ പ്രമേയത്തെ നഖശിഖാന്തം എതിർക്കുന്ന പൗരനും കൂടിയാണ് ഞാൻ. കള്ളത്തരം എഴുന്നള്ളിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഈ ജനങ്ങളെ മുഴുവൻ കള്ളത്തരം പറഞ്ഞ് തെറ്റിക്കാൻ നോക്കിയിടത്ത് ഞാൻ എത്രയോ മുസ്ലിം കുടുംബങ്ങളോട് പറഞ്ഞു, ‘നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം’ എന്ന്. ഒരാളും ഇന്നുവരെ വന്നിട്ടില്ല. പിന്നെ എന്തിനായിരുന്നു ഈ ഹ്യൂമൻ ക്രൈ. പൗരന്മാരുടെ ജീവിതം വെച്ച് കളിക്കരുത്. ഒരു രാഷ്ട്രത്തിന്റെ പ്രഥമ ഉത്തരവാദിത്തം പൗരനെ സംരക്ഷിക്കുക എന്നതാണ്. അതിന് ശേഷം മാത്രം മനുഷ്യത്വത്തെ സംരക്ഷിക്കുക. നിങ്ങൾ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ ബുദ്ധിസ്റ്റ് ആണോ എന്ന് നോക്കാൻ പറ്റില്ല. നിങ്ങൾ പൗരൻ മാത്രമാണ്. അഭയാർത്ഥി എന്ന ഇടം എല്ലാ രാജ്യങ്ങളും ഒരുക്കുന്ന ഡിപ്ലോമാറ്റിക് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്. അതിനകത്ത് നമുക്ക് നിബന്ധനകളുണ്ട്. ആ നിബന്ധനകൾ മാത്രമേ ഇന്ത്യ മുന്നോട്ട് വെച്ചിട്ടുള്ളു.
Post Your Comments