രാമലീലയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയെട്ട് ബുധനാഴ്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി ദുരൂഹതകൾ ഒരുക്കി ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ലക്ഷ്യം നേടാനായി ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിൻ്റെ യാത്ര പൂർണ്ണമായും ഉദ്യേഗത്തോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. പ്രശസ്ത തെന്നിന്ത്യൻ താരം തമന്ന നായികയാകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും മലയാളത്തിനു പുറമേയുള്ളവരാണ്. ഇന്ത്യയിലെ വൻകിട ഭാഷകളിലെ അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ്ഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് സംവിധായകനായ അരുൺ ഗോപി പറഞ്ഞു. അതിൽ ഏറെ പ്രസിദ്ധനായ ഡിനോമോറിയോയുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൊച്ചി, യുപി, ജാർഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
Also Read: ബോളിവുഡ് ചിത്രം ‘വിക്രം വേദ’ക്ക് എതിരെ സൈബർ ആക്രമണം: ബഹിഷ്കരണത്തിന് ആഹ്വാനം
സംഗീതം – സാം സി എസ്, കലാസംവിധാനം – സുഭാഷ് കരുൺ, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ – പ്രവീൺ വർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രകാശ് ആർ നായർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് പാലോട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ് – ഷിഹാബ് വെണ്ണല, ആന്റണി കുട്ടമ്പുഴ, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – രാംദാസ് മാത്തൂർ.
Post Your Comments