അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ കേസിൽ ഇന്നലെയാണ് നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തതും ശേഷം വിട്ടയച്ചതും. നടനെ പിന്തുണച്ച് സിനിമാ മേഖലയിൽ നിന്നും ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ദീപ തോമസ്. അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണ് എന്നാണ് നടി പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
ഇങ്ങനെയാണ് ഇപ്പോള്‍ മലയാളത്തില്‍ അഭിമുഖം നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു ആക്ഷേപഹാസ്യ വീഡിയോ ആണ് ദീപ തോമസ് പങ്കുവച്ചത്. നിങ്ങള്‍ ആണാണോ പെണ്ണാണോ എന്ന ചോദ്യം ഉള്‍പ്പടെ, ഫോണുകള്‍ പോലും ഇഴകീറി പരിശോധിയ്ക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുന്നതെന്ന് ദീപ പറയുന്നു. നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സ് ആപ് ചാറ്റ് അവസാനം ആരോടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവതാരകര്‍ ചോദിയ്ക്കുന്നത് എന്ന് ദീപ ഇമിറ്റേറ്റ് ചെയ്ത് കാണിക്കുന്നുണ്ട്.
റാഗ് വ്യൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നൽകിയിരിക്കുന്നത്. എന്ത് തന്നെയായാലും എല്ലാം വേദനിപ്പിയ്ക്കുന്നതാണ് എന്ന വാല്‍കഷ്ണവും വീഡിയോയ്ക്ക് ഒപ്പം വച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ജീവിതം, സെന്‍സിറ്റീവ് കണ്ടന്റ്, സ്വകാര്യ ജീവിതം, തമാശയല്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായിരിക്കുകയാണ്.
Post Your Comments