CinemaGeneralIndian CinemaLatest NewsMollywood

‘ഒരു വശത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, മറുവശത്ത് വീണ്ടും കസേരകളി’: കോൺഗ്രസ് വീണ്ടും കോൺഗ്രസായെന്ന് ആന്റോ ജോസഫ്

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുകയാണ്. ഇപ്പോളിതാ, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെയും രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെയും കുറിച്ച് നിർമ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു വശത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികളിലും സംഘടനയിലും പ്രതീക്ഷ നൽകി മുന്നേറുമ്പോൾ വടക്കേ ഇന്ത്യയിൽ നടക്കുന്ന അധികാര തർക്കങ്ങൾ ഉചിതമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ജസ്ഥാനിൽ തുടങ്ങി ഐ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് വരെ നീളുന്ന തർക്കങ്ങളും അതിന്റെ തുടർച്ചകളും കാണുമ്പോൾ താനുൾപ്പെടെയുള്ള സാധാരണ പാർട്ടി പ്രവർത്തകർക്ക് പറയാൻ തോന്നുന്നത് ‘കോൺഗ്രസ് വീണ്ടും കോൺഗ്രസായി’ എന്നാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ തോമസ് ജേക്കബ്ബ് എഴുതുന്ന ‘കഥക്കൂട്ട്’ എന്ന പംക്തി മുടങ്ങാതെ വായിക്കാൻ ശ്രമിക്കാറുണ്ട്. അപാരമായ ഓർമശക്തിയിൽ കഥയും കൗതുകവും ചരിത്രവുമെല്ലാം ചാലിച്ചാണ് അദ്ദേഹം ഈ രസക്കൂട്ട് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ പരാമർശിക്കപ്പെടുന്ന പല ഓർമകളും നമ്മുടെ മനസ്സിലും പതിയും. പത്രങ്ങളിലെ രസകരമായ തലക്കെട്ടുകളെക്കുറിച്ചുള്ള കുറിപ്പിൽ തോമസ് ജേക്കബ്ബ് പങ്കുവെച്ച ഒരെണ്ണം ഓർമവരുന്നു. കോൺഗ്രസ്സിൽ ഗ്രൂപ്പ്‌പോര് ശമിച്ച ഒരുകാലം. ഏറെനാൾനീണ്ടു, ആ വെടിനിർത്തൽ. പക്ഷേ, അതിനുശേഷം ഉമ്മൻചാണ്ടി സർക്കാർ നാലാംവാർഷികം ആഘോഷിക്കുന്നതിന്റെ തലേദിവസം വീണ്ടും നേതാക്കളുടെ പ്രസ്താവനായുദ്ധം തുടങ്ങി. അതേക്കുറിച്ചുള്ള വാർത്തയ്ക്ക് മനോരമ നൽകിയ തലക്കെട്ടിനെ തോമസ് ജേക്കബ്ബ് പരിചയപ്പെടുത്തുന്നു:’കോൺഗ്രസ് വീണ്ടും കോൺഗ്രസായി’. രാജസ്ഥാനിൽ തുടങ്ങി ഐ.ഐ.സി.സിപ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നീളുന്ന തർക്കങ്ങളും അതിന്റെ തുടർച്ചകളും കാണുമ്പോൾ ഞാനുൾപ്പെടെയുള്ള സാധാരണ പാർട്ടി പ്രവർത്തകർക്ക് പറയാൻ തോന്നുന്നതും ഈ വാചകം തന്നെയാണ്. ‘കോൺഗ്രസ് വീണ്ടും കോൺഗ്രസായി’. ഒരു വശത്ത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികളിലും സംഘടനയിലും നവോന്മേഷം ഉണ്ടാക്കി മുന്നേറുമ്പോഴാണ് അങ്ങ് വടക്ക് വീണ്ടും കസേരകളി. രാഹുലിന്റെ യാത്രയിലൂടെ ചുവടുകൾ ഒരുമിക്കുകയും രാജ്യം ഒന്നാകുകയും ചെയ്യുമ്പോൾ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. അത് കോൺഗ്രസ് എന്ന സംഘടനയിലേക്കുള്ള രാജ്യത്തിന്റെ പ്രതീക്ഷയർപ്പിക്കലാണ്. രാഹുൽഗാന്ധി നടന്നുപോകുന്നവഴിയിൽ നിറയുന്നത് ഇന്ത്യയെന്ന രാജ്യത്തിന്റെ വഴിക്കണ്ണുകളാണ്. അദ്ദേഹത്തിന് പിന്നിൽ വിയർപ്പൊഴുക്കി,വെയിലേറ്റ് നടക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരാണ്.

പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ് രാഹുൽ സാധ്യമാക്കുന്നത്. അങ്ങനെ പരിവർത്തനത്തിന്റെ പാതയിലൂടെ ഒരാൾ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പദയാത്ര നടത്തുമ്പോൾ കേവലമായ അധികാരത്തർക്കത്തിന്റെ പേരിലുള്ള വടക്കേയിന്ത്യൻസർക്കസ് കോൺഗ്രസിന് ഒട്ടും ഭൂഷണമല്ല. ‘കോൺഗ്രസ് വീണ്ടും കോൺഗ്രസായി’ എന്ന നിരാശ പ്രവർത്തകരിലുണ്ടാക്കുന്ന തളർച്ച ചെറുതുമല്ല. ദേശീയനേതൃത്വത്തിന്റെ ഇടപെടൽ ഫലംകാണാതെ നീളുമ്പോൾ അതിന്റെ ആഘാതം നാൾക്കുനാൾ കൂടുന്നു. ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുമ്പോൾ ഇന്ത്യ മുഴുവൻ കോൺഗ്രസ് എന്നവികാരത്തിന് കീഴേ ഒരിക്കൽക്കൂടി അണിനിരക്കണമെന്ന കോടിക്കണക്കായ അണികളുടെ ആഗ്രഹത്തിന് വേണം ഹൈക്കമാൻഡ് പ്രഥമപരിഗണ നൽകാൻ. ഇത്തരം പ്രതിസന്ധികൾ പലതുനേരിട്ട പാർട്ടി നേതൃത്വം അതിനനുസരിച്ചുള്ള തീരുമാനം ഉടൻ കൈക്കൊള്ളുമെന്നുതന്നെ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments


Back to top button