
ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്. എന്നാല്‍ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലാണ് താരത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോയും സൈബറിടത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. എല്ലാം ശരിയാകും എന്ന് സ്വയമേ വിചാരിച്ച് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ താൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും ഒരുപാട് പേർ ഉണ്ടെന്ന് അറിയാം എന്നാണ് നടി പറയുന്നത്. അങ്ങനെ സന്തോഷം കണ്ടെത്താനാകുന്നവരെ തടയുന്നില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Also Read: നാലാം മുറയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
‘എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും, ഞാൻ എന്ത് ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേയ്ക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്ക് സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല’, ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments