
അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ബേളിവുഡ് ചിത്രമായ ‘താങ്ക് ഗോഡി’നെതിരെ പരാതിയുമായി കായസ്ത സമാജം. സിനിമ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം. നടൻ അജയ് ദേവ്ഗൺ, നിർമ്മാതാവ് ടി – സീരീസ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അജയ് ദേവ്ഗൺ ചിത്രഗുപ്തന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രഗുപ്തനെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഇത് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ കായസ്ത സമാജം അംഗങ്ങൾ പരാതി നൽകിയത്.
കൂടാതെ, സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. പുരാണങ്ങൾ അനുസരിച്ച് മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദു ദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് കത്തിൽ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ, ചിത്രഗുപ്തനെ ‘അർന്ധനഗ്നരായ’ സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Also Read: താന്‍ പത്തു വര്‍ഷമായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നമാണിത്: തുറന്ന് പറഞ്ഞ് മൈഥിലി
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. നാല് കോടിയിലധികം പ്രേക്ഷകരാണ് ഇതുവരെ ട്രെയ്‍ലർ കണ്ടിരിക്കുന്നത്. ഒക്ടോബർ 24നാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
Post Your Comments