സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്തി വി എൻ വാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കരാം സംവിധായകൻ കെ പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഏറ്റുവാങ്ങും.
മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജിനും മികച്ച നടിക്കുള്ള അവാർഡ് രേവതിക്കും സമ്മാനിക്കും. മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തനാണ്. സംവിധായകരായ കൃഷാന്ദ് ആർ കെ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ തുടങ്ങി 50 പേർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങും.
ആഗസ്റ്റ് മൂന്നിന് നിശ്ചയിച്ചിരുന്ന ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ മേയ് 27നാണ് 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Post Your Comments