അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപത്തിയൊന്നിന് ബുധനാഴ്‌ച്ച തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ഈ ചിത്രം നിർമ്മിക്കുന്നത്.
പൂവാർ ഗീതു ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമിട്ടത്. ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. ആൻസലൻ എംഎൽഎയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. തുടർന്ന് മന്ത്രി എം ബി രാജേഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശ്രീമതി ശൈലജാ സതീശൻ ഫസ്റ്റ് കാപ്പും നൽകി.
പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിൻ്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാധരണക്കാരായ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നും പറയാം. പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രകരണം പൂർത്തിയാകും.
മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ മാളവികാ മോഹനാണ് നായിക. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണാ നായർ, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും മനു ആൻ്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കഥ – ആൽവിൻ ഹെൻറി, കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – സിനറ്റ് സേവ്യർ.
Post Your Comments