കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് നിലവിൽ അണിയറ പ്രവർത്തകർ. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ നിർമ്മിച്ച ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് ‘പൊന്നിയിൻ സെൽവൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പത്ര സമ്മേളനത്തിൽ നടൻ ബാബു ആന്റണി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മണിരത്നത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ. ‘അഞ്ജലി’യ്ക്ക് ശേഷം മണിരത്നത്തിനൊപ്പം സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
Also Read: നിമിഷ സജയന്റെ മറാഠി ചിത്രം: ‘ഹവാ ഹവായി’ ട്രെയിലർ റിലീസ് ചെയ്തു
ബാബു ആന്റണിയുടെ വാക്കുകൾ:
ഭരതേട്ടനാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. പക്ഷെ ഇപ്പോഴും എന്റെ മനസ്സിൽ മണിരത്നം സാറും ഫാസിൽ സാറും ഒക്കെ ഗുരുക്കന്മാരാണ്. അവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ട്. മണി സാറിന്റെ കൂടെ 32 വർഷങ്ങൾക്ക് മുമ്പ് ‘അഞ്ജലി’ എന്ന സിനിമയിൽ വർക്ക് ചെയ്തു. അത് കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഒരു പടം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. വലിയ ഒരു എക്സ്പീരിയൻസാണ് ഈ സിനിമ. ഈ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും ഇതിൽ അഭിനയിച്ച അഭിനേതാക്കളാണെങ്കിലും, അവരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. സിനിമയക്കായി ഞാൻ കാത്തിരിക്കുകയാണ്. നിങ്ങൾ ഈ പടം ഉറപ്പായും എൻജോയ് ചെയ്യുമെന്ന് വിശ്വാസമുണ്ട്.
Post Your Comments