പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ 50 കോടി ക്ലബിൽ ഇടം നേടി എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. നാല് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50.56 കോടി കളക്ഷൻ നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. വിവിധ ഗെറ്റപ്പുകളിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. കയാഡു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗ്യാങ്‌സ്റ്റർ പശ്ചാത്തലത്തിൽ ചിമ്പു നായകനായെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ ആന്ധ്ര പ്രദേശ്, കർണാടക എന്നിവിടങ്ങളിലും മികച്ച കളക്ഷൻ നേടുന്നുണ്ട്.
Also Read: ഷൂട്ടിങ്ങിനിടെ അപകടം: നടി കേറ്റ് വിൻസ്‌ലെറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരങ്ങളായി നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് എ ആർ റഹ്മാൻ ആണ്.
Post Your Comments