മലയാള സിനിമ ലോകത്ത് അടുത്തിടെയായി തുല്യ വേതനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ട്. താര മൂല്യമാണ് പ്രതിഫലം നൽകാനുള്ള മാനദണ്ഡം എന്നാണ് സിനിമ മേഖലയിലെ പ്രമുഖർ പറയുന്നതെങ്കിലും ന്യായമായ വേതനം പോലും ലഭിക്കുന്നില്ല എന്നാണ് പല നടിമാരും അടുത്തിടെ പ്രതികരിച്ചത്.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പത്മപ്രിയ. നടിമാരില്ലാതെ ഒരു സിനിമ ചെയ്യുക സാധ്യമല്ലെന്നും എന്നാൽ നടിമാരുടെ കഴിവിന് യാതൊരു വിലയും ലഭിക്കുന്നില്ലെന്നുമാണ് പത്മപ്രിയ പറയുന്നത്. അർഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ ബാൻ ചെയ്യുകയാണ് മലയാള സിനിമ ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങൾ പറഞ്ഞത്.
പത്മപ്രിയയുടെ വാക്കുകൾ:
നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാൽ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല. ന്യായമായ വേതനം കിട്ടണം. അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. 2005 കാലയളവിൽ ആണ് ഞാൻ സിനിമയിൽ വരുന്നത്. ആ സമയം മീര ജാസ്മിൻ ഇന്റസ്ട്രിയിൽ ഉണ്ടായിരുന്നു. അവരും വാണിജ്യപരമായി വിജയിക്കുന്ന സിനിമകൾ ചെയ്യുന്ന സമയമായിരുന്നു. കലാപരമായും അവരുടെ വർക്കുകൾ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാൻ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു.
ആ സമയത്ത് ഇവിടെ ആർക്കും അറിയാത്ത ഒരു കുട്ടി ബോംബെയിൽ നിന്ന് വന്നു, കത്രീന കൈഫ്. അവർ വന്ന് ഒരു മലയാള സിനിമ ചെയ്തു. കത്രീന അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. മീരയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് അവർക്ക് കൊടുത്തത്.
Post Your Comments