പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യ്ക്ക് തുടക്കമാവുന്നു. സിനിമയുടെ പൂജ കഴിഞ്ഞു. സെപ്റ്റംബർ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജയൻ നമ്പ്യാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രമായിരുന്നു ഇത്. തുടർന്ന് ജയൻ നമ്പ്യാർ സിനിമയിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് ജയൻ നമ്പ്യാർ.
ജി ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രമാണിത്.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിരിക്കും. ഷമ്മി തിലകൻ, അനു മോഹൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അരവിന്ദ് കശ്യപ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Post Your Comments