CinemaGeneralIndian CinemaLatest NewsMollywood

‘നായ്ക്കളുടെ കടി കൊള്ളണമെന്ന് ആരും പറഞ്ഞിട്ടില്ല, നിരുപദ്രവകാരികളായ നായ്ക്കളെ വെറുതെ വിടൂ ‘: മൃദുല മുരളി

നിരുപദ്രവകാരികളായ നായ്ക്കളെയും പൂച്ചകളെയും മനഃപൂർവം ആക്രമിക്കുന്ന പ്രവണത ആളുകളുടെ ഇടയിൽ വർധിക്കുന്നുണ്ടെന്ന് നടി മൃദുല മുരളി. തെരുവ് നായ്ക്കളുടെ ആക്രമണം ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധി അവയെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുന്നതോ ആക്രമിക്കുന്നതോ അല്ലെന്നും നടി വ്യക്തമാക്കി. പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടി സ്‌നേഹിയും പറഞ്ഞിട്ടില്ലെന്നും, അവയെ പൈശാചികമായി കൊല്ലുന്നത് നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

മൃദുല മുരളിയുടെ വാക്കുകൾ:

അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളണമെന്ന്, ഞാനോ നിങ്ങള്‍ ഈ പട്ടിസ്‌നേഹികള്‍ എന്നു വിളിക്കുന്ന ആരും എവിടെയും പറഞ്ഞിട്ടില്ല. ഇതിന് വളരെ സെന്‍സിബിളും ലോജിക്കലും ആയ ദീര്‍ഘകാല പരിഹാരം വേണം എന്നാണ് ഞങ്ങളെല്ലാം പറയാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഇതിനെന്താണ് പോംവഴി എന്നു ചോദിക്കുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ, പേ പിടിച്ചതും അക്രമ സ്വഭാവവുമുള്ളതുമായ നായ്ക്കളെ കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെ ഇതിനെ നേരിടണം.

അല്ലാതെ, മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരത്തെ വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നത്. റോഡില്‍ കാണുന്ന നായ്ക്കളെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല ഇതിന് പ്രതിവിധി. ഈ ആക്രമണങ്ങളെ ഗ്ലോറിഫൈ ചെയ്ത് റീത്ത് വയ്ക്കുന്നതും കെട്ടിത്തൂക്കുന്നതും വളരെ പൈശാചികമായ രീതിയാണ്. ഇതാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. അധികൃതര്‍ ഈ പ്രശ്‌നം ഏറ്റെടുത്ത് ദീര്‍ഘകാല പരിഹാരം കണ്ടെത്തണം.ഇതിനു മുമ്പും തെരുവ് നായ അക്രമണം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇതും കടന്നുപോകും, പിന്നെയും വീണ്ടും പ്രശ്‌നമാകും. അതല്ലല്ലോ നമുക്ക് വേണ്ടത്. ഇന്ന് കുറച്ച്‌പേര്‍ക്ക് ഇങ്ങനെ പറ്റി, നാളെയും മറ്റന്നാളും ഇങ്ങനെ വരാതിരിക്കാന്‍ ശ്രമിക്കണം.

ഗോവയില്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതി ഇവിടെയും പെട്ടന്നു തന്നെ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ചെന്നൈയില്‍ ക്യാച്ച് ആന്‍ഡ് കില്‍ എന്ന രീതി വളരെ വര്‍ഷങ്ങള്‍ എടുത്തതിനു ശേഷമാണ് തെറ്റായ ഒന്നാണെന്ന് മനസ്സിലാക്കിയത്. ആ അവസ്ഥ നമുക്ക് വരരുത്. അധികൃതര്‍ ഈ വിഷയം ഏറ്റെടുത്ത് ഉടനെ തന്നെ പ്രവര്‍ത്തിക്കണം. കാല്‍നടയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണം. അതിന്റെയൊരു പോംവഴി ഈ നായ്ക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതല്ല. കഴിഞ്ഞ ഒരാഴ്ചയായി പെറ്റ് ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. എറണാകുളത്ത് ഒരു പെറ്റ് ഹോസ്പിറ്റല്‍ ഉണ്ട്. ഈയിടെയായി യാതൊരു ഉപദ്രവവുമില്ലാത്ത നായ്ക്കുട്ടികളുടെയും പൂച്ചകുട്ടികളുടെയും നട്ടെല്ല് ഒടിച്ച്, അല്ലെങ്കില്‍ മറ്റു ഹീനമായ രീതിയില്‍ ഇവയെ ആക്രമിക്കുന്ന പ്രവണത ആളുകളില്‍ കൂടുന്നതായി കണ്ടു. ആ ഹോസ്പിറ്റലില്‍ ഇങ്ങനെ പരുക്കേറ്റ് വരുന്ന മൃഗങ്ങളുടെ എണ്ണം വിചാരിക്കുന്നതിലും കൂടുതലാണ്. എറണാകുളത്തെ ഒരു ആശുപത്രിയില്‍ മാത്രമുള്ളതാണ് ഈ കണക്ക്. കേരളത്തില്‍ ഒന്നടങ്കമുള്ള പല പല ആശുപത്രികളിലും ഇതുപോലുള്ള കേസ് വരുന്നുണ്ട്. തെരുവില്‍ നിന്നുമുള്ള പത്തിരുപത്തഞ്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടില്‍ വന്നുപോലും ആളുകള്‍ ഉപദ്രവിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു ചേച്ചിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ മനഃപൂര്‍വം വണ്ടി ഇടിച്ചുകൊല്ലുക, അക്രമിക്കുക ഇതൊന്നുമല്ല ഇതിന്റെ പോംവഴി. ഇതിനെതിരെയാണ് ഞങ്ങള്‍ പറയുന്നത്.

അധികൃതര്‍ ശാസ്ത്രീയമായ രീതിയില്‍ ഈ വിഷയത്തെ ഏറ്റെടുക്കുക. ഈ ജീവനുകളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആരും പറയുന്നില്ല, പക്ഷേ ഉപദ്രവിക്കാതിരിക്കൂ. പേ പിടിച്ചതും അക്രമസ്വഭാവവുമുള്ളതുമായ നായ്ക്കളെ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. അത് ചെയ്യൂ എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അല്ലാതെ ജനങ്ങളുടെ ഒരു മനോവികാരവും ഞങ്ങള്‍ വില കുറച്ച് കാണുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button