രാജ്യമൊട്ടാകെ ചർച്ചയായ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 1990-കളിൽ കശ്മീർ താഴ്വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റ ചിത്രീകരണവും നിർമ്മാണവും ഒരു ഡോക്യുമെന്ററിയായി ഒടിടി പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണെന്ന് പറയുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചിത്രത്തിനായി താനു ഭാര്യയും നിർമ്മാതാവുമായ പല്ലവി ജോഷിയും വർഷങ്ങളുടെ ഗവേഷണം നടത്തിയതായും യഥാർത്ഥമായ കഥയ്ക്ക് വേണ്ടി ബാധിത കുടുംബങ്ങളെ കണ്ടതായും വിവേക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് വന്ന ഒരു പ്രതികരണത്തിന് മറുപടിയായാണ് ‘ ദി കാശ്മീർ ഫയൽസി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്ന വിവരം അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 340 കോടിയാണ് നേടിയത്. റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ ഇടം നേടിയ ചിത്രമാണിത്. ചിത്രത്തിൽ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെ ബോളിവുഡിലെ ഒരു കൂട്ടം സിനിമാപ്രവർത്തകരും നിരൂപകരും തന്റെ സിനിമയെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരുന്നു.
Post Your Comments