പ്രശസ്ത്ര ഫ്രഞ്ച് ചലച്ചിത്രകാരൻ ഴാങ് ലൂക് ഗൊദാർദിന്റെ മരണം സ്വന്തം താല്പര്യപ്രകാരം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണം ‘അസിസ്റ്റഡ് ഡയിങ്’ ആണെന്ന് സ്ഥിരീകരിച്ചത്. മാരക രോഗം ബാധിച്ച് മരണാസന്നരായി കഴിയുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ വൈദ്യസഹായം നൽകുന്ന ‘അസിസ്റ്റഡ് ഡയിങ്’ വഴിയാണ് ഴാങ് ലൂക്ക് ഗൊദാർദ് മരണത്തിന് കീഴടങ്ങിയതെന്നാണ് സ്ഥിരീകരണം. മെഡിക്കൽ റിപ്പോർട്ടിലും സ്വന്തം താല്പര്യ പ്രകാരം വൈദ്യസഹായതോടെ മരണം സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നിലധികം മാരക രോഗങ്ങൾ ബാധിച്ചതിനാൽ മരണം സ്വീകരിക്കാൻ സ്വിറ്റ്സർലൻഡിൽ നിയമ സഹായം തേടിയതായി ഗൊദാർദിന്റെ അഭിഭാഷകൻ പാട്രിക് ജീനറെറ്റ് പറഞ്ഞു. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗം ബാധിച്ച് മരണം കാത്ത് കഴിയുന്നവർക്കാണ് ‘അസിസ്റ്റഡ് ഡയിങി’ലൂടെ മരിക്കാൻ വൈദ്യസഹായം തേടാനാകുന്നത്. ഗൊദാർദ് തൻ്റെ വീട്ടിൽ സമാധാനപൂർണ്ണമായ മരണം സ്വീകരിച്ചുവെന്ന് കുടുംബം പ്രതികരിച്ചു.
Also Read: ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്: സ്മിനു സിജോ
2014 ൽ കാൻ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ മരണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചോദിച്ചപ്പോൾ, താൻ അസുഖ ബാധിതനായാൽ ഒരു ഉന്തുവണ്ടിയിൽ ചുറ്റിത്തിരിയാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘അസിസ്റ്റഡ് ഡയിങ’ തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന്, ‘അതെ, എന്നാൽ ഇപ്പോൾ ഒരു തീരുമാനം പറയുക ബുദ്ധിമുട്ടാണ്’ എന്നായിരുന്നു ഗൊദാർദിന്റെ പ്രതികരണം.
ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു 91കാരനായിരുന്ന ഗൊദാർദിന്റെ അന്ത്യം. സംവിധായകൻ, നിർമ്മാതാവ്, ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.
Post Your Comments