പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന ആരോപണവുമായി ഗായകൻ പന്തളം ബാലൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ബാലൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുകയാണ്. ഇപ്പോളിതാ, ബാലന് മറുപടിയുമായി സിനിമയുടെ സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്. തിരക്കഥയിൽ തിരുത്തലുകളുണ്ടായപ്പോൾ പാട്ടിനനുയോജ്യമായ സാഹചര്യം എടുത്തുകളഞ്ഞെന്നും അതുകൊണ്ടാണ് ബാലന്റെ പാട്ട് നീക്കം ചെയ്തതെന്നുമാണ് വിനയൻ പറയുന്നത്. ഇക്കാര്യം ബാലനെ അറിയിച്ചതാണെന്നും ഇപ്പോൾ ഇത്തരമൊരു പ്രതികരണത്തിന്റെ അർത്ഥം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനയന്റെ വാക്കുകൾ:
സിനിമയുടെ തിരക്കഥ ഒരുക്കുന്ന സമയം ബാലനെ കൊണ്ട് ഒരു ഗാനം പാടിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് എം ജയചന്ദ്രനെ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ രംഗം ഒഴിവാക്കേണ്ടി വന്നു. അത് ബാലനെ വിളിച്ച് അറിയിക്കുകയും ചെയ്തു. അടുത്ത പടത്തിൽ തന്നെ പരിഗണിക്കണം എന്ന് ബാലൻ പറഞ്ഞു. ഗായകൻ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ ചിലപ്പോൾ ഷൂട്ട് ചെയ്ത രംഗങ്ങൾ, ഗാനങ്ങളൊക്കെ ഒഴിവാക്കേണ്ടി വരും.
ഇത്രയും വർഷത്തെ അനുഭവ സമ്പത്ത് ഉള്ള ബാലന് അതൊന്നും അറിയാത്തതല്ല. സിനിമയിൽ ഇതൊക്കെ പതിവാണ്. ബാലനോട് ഇതൊക്കെ ഞാൻ പറഞ്ഞതാണ്. പക്ഷേ ബാലൻ ഇപ്പോൾ ഇത്തരമൊരു പോസ്റ്റുമായി വന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ബാലന്റെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. ബാലനെപ്പോലെയുള്ള ഒരു സീനിയർ കലാകാരൻ പറയേണ്ട വാക്കുകളല്ല അത്. ഞാൻ ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേർത്തു പിടിക്കുന്ന ആളാണ്.
Post Your Comments