സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ഗായകൻ പന്തളം ബാലൻ. തന്നോട് ഒരു വാക്കുപോലും പറയാതെയാണ് ഗാനം വിനയൻ സിനിമയിൽ നിന്നു നീക്കം ചെയ്തെന്നാണ് ബാലൻ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച നീണ്ട ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
പന്തളം ബാലന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
19 – ആം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു. എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.
Also Read: പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകൻ അന്തരിച്ചു
40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെ അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സാർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്.സംഗീത സംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സാർ എന്നെ വിളിച്ചത് ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈകഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്കാരിക പരിപാടികളിലെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്. എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്.
വിനയൻ സാർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അത് കൊടുക്കുകതന്നെ വേണം . വാക്കും പ്രവർത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവർത്തിയാണ് ഇത്. ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര് വീഴ്ത്തിക്കൊണ്ട് ഒരു സംരംഭങ്ങളും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ട് മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്.. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സാർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്. ഒരു സിനിമയിൽ പാടിയാൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്ന ഒരാളും അല്ല ഞാൻ. പ്രതീക്ഷയോടെ തന്നെയാണ് എന്റെ ജീവിതവും എന്നെയും മുന്നോട്ടു നയിക്കുന്നത്. സാർ എനിക്ക് അയച്ച വോയിസ് മെസ്സേജിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ എടുത്ത തീരുമാനമല്ല കുറച്ചുനാൾ മുൻപേ എടുത്ത് തീരുമാനമാണെന്ന്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ എന്നെ നേരത്തെ അറിയിച്ചില്ല. ഓഡിയോ റിലീസ് ചെയ്യുന്ന ദിവസമാണ് ഇങ്ങനെ ഒരു മെസ്സേജ് എന്നോട് അറിയിക്കുന്നത്. ഞാൻ വിളിച്ചിട്ട് സാർ ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞ് സാർ എനിക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു. സിനിമയുടെ കാര്യങ്ങളല്ലേ .. സാറിന്റെ വോയിസ് മെസ്സേജ് ഞാൻ എന്റെ ഭാര്യയും എന്റെ മരുമകളുടെയും മുമ്പിൽ വച്ച് സ്പീക്കർ ഫോണിൽ ഓൺ ചെയ്തു ഞങ്ങൾ ഒരുമിച്ചാണ് കേട്ടത്. സത്യത്തിൽ തകർന്നുപോയ നിമിഷമാണ് ഞാൻ. എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിൽ എന്നെ സമാധാനിപ്പിച്ച എന്റെ ഭാര്യയും മക്കളും അവരുടെ സങ്കടവും അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. വിജയങ്ങൾ എല്ലാം നന്നായിരിക്കട്ടെ സർ. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ ആ സിനിമയിൽ ഒന്നും പാടാൻ ആയിഎന്നെ വിളിക്കണ്ട. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകുന്ന ആളുമല്ല. എനിക്കും നല്ലൊരു കാലം ഉണ്ട് എന്നുള്ള പ്രതീക്ഷയോടെ തന്നെയാണ് ഞാൻ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
അടിമത്തത്തിന്റെയും ചാതുർവർണ്യത്തിന്റെയും ജാതീയതയുടെയും കഥ പറയുന്ന 19 നൂറ്റാണ്ടിൽ എന്നെപ്പോലൊരു ദലിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നൽകുന്നത്. സാർ കൃത്യമായി മറുപടി കൊടുക്കണം ജനങ്ങൾക്ക്.. സാർ എന്ന് വിളിക്കാൻ എനിക്ക് സത്യത്തിൽ ഇപ്പോൾ മടിയാണ്…
ഒരുപാട് വേദനയോടെ
പന്തളം ബാലൻ
Post Your Comments