സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇതിന് എന്താണ് പ്രതിവിധിയെന്ന ചർച്ചകളും സജീവമാണ്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രിതികൂലിച്ചും രംഗത്തെത്തുന്നത്. ദിനം പ്രതി നിരവധിയാളുകളാണ് തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മൃദുല മുരളി. തെരുവു നായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മുഴുവൻ മനുഷ്യവർഗത്തെയും കൊന്നൊടുക്കുകയാണോ എന്നും താരം ചോദിക്കുന്നുണ്ട്.
‘പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവൻ മനുഷ്യവർഗത്തെയും കൊന്നൊടുക്കുക!!! ഇങ്ങനെയാണോ കാര്യങ്ങൾ നടത്തേണ്ടത്’, മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് നടിയെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തുന്നത്.
Post Your Comments