മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. 2012ൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള പത്ത് വർഷങ്ങൾ ദുൽഖർ മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി. ദുൽഖറിനെ നായകനാക്കി ഹനു രാഘവപുടി ഒരുക്കിയ തെലുങ്ക് ചിത്രം സീതാരാമം വലിയ വിജയമാണ് നേടിയത്. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചുപ് റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റാണ് ഉടൻ പുറത്തിറങ്ങുന്ന ദുൽഖറിന്റെ ബോളിവുഡ് ചിത്രം.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ തന്റെ കരിയറിന്റെ തുടക്കത്തിൽ അനുഭവിച്ചിരുന്ന ആശങ്കകളെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്നെ കുറിച്ച് ആ സമയത്ത് സോഷ്യൽ മീഡിയയിൽ വരുന്നതെല്ലാം വായിക്കാറുണ്ടായിരുന്നെന്നും പോസിറ്റീവായിട്ടുള്ളത് വിട്ട് നെഗറ്റീവ് കമന്റ്സാണ് കൂടുതലും നോക്കിയതെന്നുമാണ് ദുൽഖർ പറയുന്നുത്.
ദുൽഖർ സൽമാന്റെ വാക്കുകൾ:
ആദ്യ കാലത്ത് ഞാൻ എവിടെ പോവും, ഇൻഡസ്ട്രിയിൽ ഭാവി ഉണ്ടാകുമോ എന്ന ചിന്തകളെല്ലാം ബാധിച്ചിരുന്നു. ആളുകൾ എന്നെ പറ്റി എഴുതുമ്പോൾ ഞാൻ തീർന്നെന്ന് വിചാരിച്ചു. സോഷ്യൽ മീഡിയയിൽ വരുന്നതെല്ലാം വായിക്കാറുണ്ട്. പോസിറ്റീവായിട്ടുള്ളത് വിട്ട് നെഗറ്റീവ് കമന്റ്സാണ് കൂടുതലും നോക്കുക. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ അതെന്നെ സ്വാധീനിക്കുന്നത് കുറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ആക്ടർ എന്ന നിലയിൽ സുരക്ഷിതമായ നിലയിലെത്തി എന്ന് തോന്നി. കരിയറിനെ പറ്റി കൂടുതൽ സുരക്ഷിതത്വബോധം തോന്നി.
നെഗറ്റീവ് റിവ്യു കാണുമ്പോൾ വാപ്പച്ചിയുടെ അടുത്ത് പോയി സംസാരിക്കും, അപ്പോൾ അദ്ദേഹവും അത് വായിച്ചിരുന്നു എന്ന് പറയും. 80കളിൽ എന്നെ വിമർശിച്ചവർ ഇന്നില്ല, ഇത് പുതിയ ആൾക്കാരാണ്, ഇതൊന്നും കണ്ട് വിഷമിക്കണ്ട എന്ന് വാപ്പച്ചി പറയും.
Post Your Comments