ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സുരേഷ് ഗോപി ചിത്രം പാപ്പൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ജൂലൈ 29നായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ തന്നെ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ പാപ്പൻ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഒറ്റിറ്റി പ്ലാറ്റഫോമായ സീ 5ൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്.
ഇപ്പോളിതാ, തിയേറ്ററിലേതു പോലെ തന്നെ ഒടിടിയിലും പ്രേക്ഷകർ പാപ്പനെ ഏറ്റെടുത്തു എന്ന വാർത്തയാണ് വരുന്നത്. സീ 5 പ്ലാറ്റ്ഫോമിലെ സിനിമകളുടെ ഇന്ത്യൻ ടോപ്പ് 10 ൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പാപ്പൻ. സീ 5 പ്ലാറ്റ്ഫോമിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള ചിത്രം ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. രണ്ടാം സ്ഥാനത്ത് വിദ്യുത് ജാംവാൽ നായകനായ ചിത്രം ഖുദ ഹഫിസും മൂന്നാമത് കിച്ച സുദീപ് നായകനായ പാൻ ഇന്ത്യൻ കന്നഡ ചിത്രം വിക്രാന്ത് റോണയുമാണ്.
Also Read: സെഞ്ച്വറിയടിച്ച് രൺബീർ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര’: ബോളിവുഡിന്റെ തിരിച്ചു വരവെന്ന് ആരാധകർ
ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി, റാഫി മധീര എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു പാപ്പൻ. ആർ ജെ ഷാൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയരാഘവൻ, ടിനി ടോം,ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Post Your Comments