രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ബ്രഹ്‌മാസ്ത്ര. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിങ്ങാണ് സിനിമ നേടിയത്. 38. 50 കോടിയാണ് ആദ്യ ദിനത്തിൽ ചിത്രം ആഗോളതലത്തിൽ കളക്ട് ചെയ്തത്. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോർട്ട്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന് വൻ ബുക്കിങും ലഭിച്ചിരുന്നു. കൊവിഡിന് ശേഷം രേഖപ്പെടുത്തിയ മികച്ച അഡ്വാൻസ് ബുക്കിങും ഈ ചിത്രത്തിനായിരുന്നു. നിലവിൽ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത ബോളിവുഡിനെ കരകയറ്റുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രവർത്തകർ.
Also Read: നിർമ്മാണ ചെലവ് പറഞ്ഞതിലും 15 കോടി കൂടുതൽ: ‘കോബ്ര’ സംവിധായകന് എതിരെ നിർമ്മാതാക്കൾ
ഏകദേശം അഞ്ച് വർഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവയാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്നത്. ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്മാസ്ത്ര. 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സ്റ്റാർ സ്റ്റുഡിയോസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് ചിത്രം. അസ്ത്രാവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്ന സിനിമ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്.
Post Your Comments