കഴിഞ്ഞ ദിവസം അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആരും മറക്കാനിടയുണ്ടാകില്ല. ഒരു കുട്ടി ആരാധകന് സൈക്കിളില്‍ പോകുന്നതിനിടെ മമ്മൂട്ടിയുടെ വാഹനം കണ്ട് അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായിരുന്നു രമേഷ് പിഷാരടി പങ്കുവെച്ച വീഡിയോയിലുള്ളത്.
മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്ന് വരുന്നത് കണ്ട പയ്യന് മൊബൈലെടുത്ത് മമ്മൂട്ടിയെ പകർത്താൻ ശ്രമിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കാറിനൊപ്പം എത്താൻ സൈക്കിൾ വേഗത്തിൽ ചവിട്ടുകയും അതിനൊപ്പം പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി മൊബൈൽ തിരിച്ചുപിടിച്ചു ഷൂട്ട് ചെയ്തു. മമ്മൂട്ടി അടുത്തെത്തുമ്പോൾ ‘ഇക്കാ ടാറ്റ’ എന്ന് പറയുന്നതും അപ്പോഴുള്ള നടന്റെ ചിരിയും, തിരിച്ചു ടാറ്റ നൽകുന്നതും ഓരോ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തിരുന്നു.
‘അകത്തും പുറത്തും സ്നേഹത്തോടെ.. പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് രമേഷ് പിഷാരടി വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ, ആ വീഡിയോ പകർത്തുന്നതിന് പിന്നിലെ കഥ പറയുകയാണ് വീഡിയോയിലൂടെ വൈറലായ റാഫി. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ആലപ്പുഴ ചന്തിരൂർ സ്വദേശിയാണ് റാഫി. റാഫിയുടെ വീടിന്റെ അടുത്ത് കഴിഞ്ഞ മാസം ഒരു ചടങ്ങിനായി മമ്മൂട്ടി എത്തിയപ്പോൾ എടുത്തതാണ് വീഡിയോ.
മമ്മൂട്ടിയെ കണ്ട് കൈ കൊടുക്കണമെന്നും സെൽഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിനു സാധിച്ചില്ല അങ്ങനെയാണ് മമ്മൂട്ടി തിരിച്ചു പോകുന്ന വഴിക്ക് താൻ വീഡിയോ എടുത്തതെന്ന് വടുതല അരൂക്കുറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാത്ഥിയായ റാഫി പറയുന്നു.
‘കഴിഞ്ഞ 28ന് എടുത്ത വീഡിയോ ആണ്. അടുത്ത് ഒരു കല്ലിടൽ ചടങ്ങിനായി എത്തിയതായിരുന്നു മമ്മൂക്ക. അവിടെ കാണാൻ പോയിരുന്നു. അവിടെ വച്ച് കണ്ടു. കൈ കൊടുക്കണമെന്നും ഒരു സെൽഫി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സാധിച്ചില്ല. അങ്ങനെയാണ് തിരിച്ചു പോരും വഴി സൈക്കിളിൽ പോയി വീഡിയോ എടുത്തത്,’
‘ഞാൻ എടുത്ത വീഡിയോ എന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ ഞാൻ വൈറലായി എന്ന് അറിയുകയായിരുന്നു. ആദ്യം ടിവിയിൽ വാർത്ത കാണുകയായിരുന്നു. പിന്നെ സുഹൃത്തുക്കൾ വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തു. പലരും സ്റ്റാറ്റസ് ഒക്കെ ഇട്ടിരുന്നു. മമ്മൂട്ടിയെ നേരിൽ കണ്ടു പരിചയപ്പെടണമെന്നാണ് ആഗ്രഹം. മമ്മൂക്ക കാണാൻ വിളിച്ചാൽ എന്റെ സിനിമ മോഹം പറയും. നേരിൽ കാണാനാകും എന്നാണ് പ്രതീക്ഷ’ റാഫി പറഞ്ഞു.
Read Also:- ചിലപ്പോൾ ഒരുമിച്ച് കാണുമ്പോൾ ആൾക്കാരൊക്കെ അങ്ങനെ ചോദിക്കാറുണ്ട്, അന്ന് ലാലേട്ടനും ചോദിച്ചു: സിജു വിൽസൺ
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ 71-ാം പിറന്നാളായിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അതിൽ ഉൾപ്പെടുന്നു. രാത്രി മുതൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പ്രിയ നടന് ജന്മദിനാശംസകൾ നേർന്നത്.
Post Your Comments