മലയാളത്തിന്റെ മഹാനടൻന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോളിതാ, 71-ാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് മോഹൻലാൽ നൽകിയ വ്യത്യസ്തമായ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മനോഹരമായ വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നത്. തന്റെ ജ്യേഷ്‍ഠൻ തന്നെയാണ് മമ്മൂട്ടി എന്ന് പറഞ്ഞാണ് ലാൽ ആശംസകൾ നേർന്നിരിക്കുന്നത്.
മോഹൻലാലിന്റെ വാക്കുകൾ:
മനുഷ്യർ തമ്മിൽ ജന്മ ബന്ധവും കർമ്മ ബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്ത ബന്ധത്തേക്കാൾ വലുതാണ് ചിലപ്പോൾ കർമ്മ ബന്ധവും. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവ് കൊണ്ടും ജീവിത മാർഗമാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളെ മാതൃകയാക്കിക്കൊണ്ട് ദൃഢമായ കർമ്മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളു ഇച്ചാക്ക എനിക്ക് വലിയേട്ടനാവുന്നത്, ജേഷ്ഠനാവുന്നത് അങ്ങനെയാണ്. എനിക്ക് ജേഷ്ഠനേപോലെയല്ല, ജേഷ്ഠൻ തന്നെയാണ് അദ്ദേഹം. ഒരേ കാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജേഷ്ഠൻ, വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ.
ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക നിസാര കാര്യമല്ല. ഈ ജന്മനാളിൽ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയക്ക് എല്ലവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Post Your Comments