കൊവിഡ് കാലത്തിന് ശേഷം എല്ലാ മേഖലകളെയും പോലെ സിനിമ വ്യവസായവും പ്രതിസന്ധി നേരിടുകയാണ്. തിയേറ്ററുകളിൽ ആളുകളെത്താത്തതും സിനിമ മേഖലയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധി കാരണം നേരത്തെ തെലുങ്ക് സിനിമ മേഖലയിൽ നിരവധി ചിത്രങ്ങളുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു.
ഇപ്പോളിതാ, നിർമ്മാണച്ചെലവ് കുറയ്ക്കാൻ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് തെലുങ്ക് സിനിമ മേഖല. നിർമ്മാണച്ചെലവുകളുമായി ബന്ധപ്പെട്ട് പുത്തൻ മാനദണ്ഡങ്ങളും നിയമങ്ങളും പുറത്തിറക്കിയിരിക്കുകയാണ് തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകൾക്ക് നേരത്തെ നിശ്ചയിച്ച തുകയിൽ കൂടുതൽ കൊടുക്കില്ല, അവർക്ക് ഭക്ഷണവും ഗതാഗത സൗകര്യവും പ്രത്യേകമായി നൽകില്ല, ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും ദിവസ ശമ്പളം നൽകില്ല, ആർട്ടിസ്റ്റുകളോടൊപ്പമുള്ള സ്റ്റാഫ്, പ്രാദേശിക ഗതാഗതം, ഭക്ഷണം, താമസം, പ്രത്യേക ഭക്ഷണം എന്നിവയെല്ലാം ശമ്പളത്തിൽ ഉൾക്കൊള്ളിക്കും. സിനിമകൾ കുറഞ്ഞത് എട്ടാഴ്ചയെങ്കിലും തീയേറ്ററുകളിൽ പ്രദർശിപ്പിക്കണം, ടിവി – ഒടിടി റിലീസുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സിനിമയുടെ പ്രമോഷനോടൊപ്പം നൽകില്ല എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. സെപ്തംബർ 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചേംബർ ഓഫ് കൊമേഴ്സിനെ രേഖാമൂലം അറിയിച്ചിരിക്കണം. നിർമ്മാതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. തീയേറ്റർ റിലീസിൽ നിന്ന് പരമാവധി ലാഭം നേടുകയും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം വരാതെ ചെലവ് ചുരുക്കി സിനിമകൾ പുറത്തിറക്കാൻ സഹായിക്കുകയുമാണ് പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം.
Post Your Comments