കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ‘കാട്ടുകള്ളൻ’ എന്ന ആന്തോളജി ഫിലിമിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു. ഗംഗൻ സംഗീത് ഗാനരചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം സാജനുമാണ് ആലപിച്ചത്. ചിത്രത്തിൻ്റെ പ്രമോ ഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗംഗൻ സംഗീതിൻ്റെ പുതുമയുള്ള ഗാനം, കാവാലം ചുണ്ടൻ ആൽബത്തിലൂടെ ശ്രദ്ധേയയായ ശോഭാ മേനോൻ്റെ വ്യത്യസ്ത ഗാനമായി മാറി. അയ്മനം സാജൻ ആദ്യമായി പിന്നണി പാടുന്ന ഗാനമാണിത്. മനോരമ മ്യൂസിക്കാണ് പ്രമോ ഗാനം പുറത്തിറക്കിയത്.
സിനിമാ പിആർഒ അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ച ‘കാട്ടുകള്ളൻ’ ഉടൻ റിലീസ് ചെയ്യും. ഉല, തീക്കുച്ചിയും പനിത്തുള്ളിയും, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അജയ്ക്കുട്ടി ഡൽഹി ആണ് പ്രധാന കഥാപാത്രമായ വറീതിനെ അവതരിപ്പിക്കുന്നത്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിച്ച കാവാലം ചുണ്ടൻ ആൽബം, ചുവന്ന ഗ്രാമം ടെലിഫിലിം ,അഭിരാമി വെബ് സീരിയൽ എന്നിവയ്ക്ക് ശേഷം അയ്മനം സാജൻ രചനയും,സംവിധാനവും നിർവഹിക്കുന്ന ആന്തോളജി ഫിലിമാണ് ‘കാട്ടുകള്ളൻ’.
Also Read: കാണാൻ അച്ഛനെ പോലെയുണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം: ഷമ്മി തിലകൻ
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായൊരു കഥ, പുതുമയുള്ള അവതരണത്തോടെ പറയുന്നു. ബന്നി പൊന്നാരം, ജോബി ജോസഫ്, സ്വാമി അശാൻ, വിജയൻ മുരിക്കുംപുഴ, ജയിംസ് കിടങ്ങറ, നിഖിൽ കുമാർ, മുരളീധരൻ ചാരുവേലി, അൻഷാദ് ചാത്തൻതറ, വിക്രമൻ, ദിവ്യ മാത്യു, ഷാർലറ്റ് സജീവ്, ജൂലിയറ്റ് സജീവ് എന്നിവർ അഭിനയിക്കുന്നു.
ക്യാമറ – ജോഷ്വാ റെണോൾഡ്, ഗാനരചന, സംഗീതം – ഗംഗൻ സംഗീത്, ആലാപനം – ശോഭാ മേനോൻ, അയ്മനം സാജൻ, എഡിറ്റിംഗ് – ഓസ്വോ ഫിലിം ഫാക്ടറി, സഹസംവിധാനം – ജയരാജ് പണിക്കർ, ആർട്ട്, മേക്കപ്പ് – ഡെൻസിൻ ലാൽ, ബിജിഎം, എഫറ്റ്‍സ് – ജമിൽ മാത്യു ജോസഫ്, പിആർഒ – അയ്മനം മീഡിയ.
Leave a Comment