രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്‌മാസ്ത്ര’. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഇപ്പോളിതാ, സിനിമ റിലീസ് ചെയ്യാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു എന്ന വാർത്തയാണ് വരുന്നത്. പിവിആർ, ഐനോക്‌സ്, സിനിപോളിസ് എന്നീ മൂന്ന് ദേശീയ ശൃംഖലകളിലായി ഒരു ലക്ഷത്തിൽ താഴെ ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ട്. 1.05 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെന്ന ആർആർആറിന്റെ റെക്കോർഡ് അടുത്ത ദിവസം തന്നെ ബ്രഹ്മാസ്ത്ര തിരുത്തി കുറിക്കും എന്നാണ് ആരാധകർ പറയുന്നത്. ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്മാസ്ത്ര. 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
സ്റ്റാർ സ്റ്റുഡിയോസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് ചിത്രം. അസ്ത്രാവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്ന സിനിമ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ’ സെപ്റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുക.
Post Your Comments