ബേസിൽ ജോസഫ് നായകനായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് പാൽതു ജാൻവർ. റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണെന്നും കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ചിത്രമാണെന്ന് ശബരിനാഥന്‍ പറയുന്നു. ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ “coming of age” മോഡലിൽ അവതരിപ്പിക്കുന്നു’.
‘കുടിയാൻമലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും ഗ്രാമീണത തുളുമ്പുന്നവരല്ല. എല്ലാവരും നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാർ. എന്നാൽ, ഒരു പ്രതിസന്ധി വരുമ്പോൾ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ ബിബ്ലിക്കൽ (biblical) രംഗം മനോഹരമാണ്. ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്’.
‘സംവിധായകൻ സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അർഹിക്കുന്നു.ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗവും മികവുറ്റതാണ്. കൂടുതൽ പറഞ്ഞാൽ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല’.
Read Also:- രാത്രി ആയപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു, അന്ന് ഞാൻ നന്നായി പേടിച്ചിരുന്നു: മണിയൻപിള്ള രാജു
‘സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ് ഷോട്ടാണ്. അതിൽ എല്ലാമുണ്ട് – ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്. എല്ലാവരും ചിത്രം മുൻവിധിയില്ലാതെ കാണുക, ആസ്വദിക്കുക. ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിൽ പുതിയ നാഴികകല്ലുകൾ സൃഷ്ടിക്കുകയാണ്. 1980കളിൽ സുപ്രിയ പിക്ചർസും ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദിനും കൂട്ടർക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താൻ കഴിയട്ടെ’ എസ് ശബരിനാഥന്‍ പറഞ്ഞു.
Post Your Comments