
കാർത്തിയെ നായകനാക്കി പി എസ് മിത്രൻ ഒരുക്കുന്ന ചിത്രമാണ് ‘സർദാർ’. കാർത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബജറ്റ് ഉള്ള ചിത്രമാണിത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ലക്ഷ്‍മൺ കുമാർ ആണ് നിർമ്മാണം. സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘സർദാർ’. കാർത്തി ഇരട്ട വേഷങ്ങളിലാണ് സിനിമയിൽ എത്തുന്നത്. കതിരവൻ ഐപിഎസ്, സർദാർ ശക്തി എന്നിങ്ങനെയാണ് രണ്ട് കഥാപാത്രങ്ങൾ.
ഇപ്പോളിതാ, സിനിമയുടെ കേരളത്തിലെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. നേരത്തെ വിജയ്‍യുടെ മാസ്റ്റർ, കാർത്തിയുടെ സുൽത്താൻ എന്നീ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തതും ഫോർച്യൂൺ സിനിമാസ് ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയാന്റ് മൂവീസ് ആണ് തമിഴ്‍നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
റാഷി ഖന്നയാണ് സിനിമയിലെ നായിക. രജിഷ വിജയനും ബോളിവുഡ് താരം ചങ്കി പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശർമ്മ, ഇളവരസ്, റിത്വിക് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ദീപാവലി റിലീസ് ആയിട്ടാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്.
Post Your Comments