ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദളപതി 67’ ന് പ്രത്യേകതകൾ ഏറെയാണ്. പാട്ടുകള്‍ ഇല്ലാത്ത ചിത്രത്തില്‍ മള്‍ട്ടി തീം ട്രാക്കിന് ആണ് പ്രാധാന്യം. അനിരുദ്ധ് രവിചന്ദറോ, സാം സി എസോ ആയിരിക്കും സംഗീത സംവിധാനം. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67 എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ മൂന്ന് നടിമാരാണുള്ളത്. തൃഷ, സമാന്ത, കീർത്തി സുരേഷ്.
ദളപതിയോട് ഏറ്റുമുട്ടാൻ സമാന്ത?
ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് സൂചന. സമാന്തയും വിജയ്യും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ഇത്. ‘കത്തി’, ‘തെരി’, ‘മെർസൽ’ എന്നീ മൂന്ന് ചിത്രങ്ങളിൽ വിജയ്ക്കൊപ്പം സാമന്ത ജോടിയായി അഭിനയിച്ചിരുന്നു. ഇവർ തമ്മിലുള്ള കെമിസ്ട്രി ആരാധകർ ഏറ്റെടുത്തു. എന്നാൽ, ഇത്തവണ സമാന്ത വിജയ്ക്കൊപ്പം ആടിപ്പാടാനില്ല. ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ് താരം. വിജയ്യോട് ഏറ്റുമുട്ടാനാണ് സമാന്ത ഒരുങ്ങുന്നത്. നെഗറ്റീവ് ഷേഡുള്ള ഒരു പോലീസ് കഥാപാത്രമാകും സമാന്ത. ലോകേഷ് കനകരാജ് ഒരു കിടിലൻ വില്ലത്തിയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുമെന്നാണ് ആരാധകർ കരുതുന്നത്. ലോകേഷിന്റെ ചിത്രങ്ങളിൽ വിക്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. മാസ് അപ്പീലോടെയായിരുന്നു ഏജന്റ് ടീനയെ അവതരിപ്പിച്ചത്. ഏജന്റ് ടീനയ്ക്കും മുകളിൽ നിൽക്കുന്നൊരു ശക്തയായ ‘വില്ലത്തി’യെ ലോകേഷ് ഒരുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
14 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയ്യും ഒന്നിക്കുന്നു
ചിത്രത്തിൽ തൃഷയാണ് നായിക. വിജയുടെ എക്കാലത്തെയും ഹിറ്റ് നടിമാരിൽ ഒരാളാണ് തൃഷ. റിപ്പോര്‍ട്ട് പ്രകാരം വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു.
കീർത്തി സുരേഷും നായിക?
തൃഷയെയും സമാന്തയെയും കൂടാതെ കീര്‍ത്തിയും സിനിമയുടെ ഭാഗമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ വിജയ്ക്കൊപ്പമുള്ള കീര്‍ത്തിയുടെ മൂന്നാമത്തെ സിനിമയായിരിക്കും ദളപതി 67. ‘ഭൈരവ’, ‘സര്‍ക്കാര്‍’ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ചിത്രത്തിൽ കീർത്തിയുടെ വേഷം എന്താണെന്നത് സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ‘മാസ്റ്റര്‍’ ഒക്ടോബറില്‍ ആയിരുന്നു ആരംഭിച്ചത്. ‘വിക്രമി’ന്റെ അതെ അണിയറ പ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്.
ബീസ്റ്റാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ്- നെല്‍സണ്‍ ദിലീപ് കുമാർ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് പ്രതീക്ഷിച്ചത്ര പ്രേക്ഷകപ്രീതി നേടാനായില്ല. എന്നാൽ, കളക്ഷനിൽ ഒരു പരാജയ ചിത്രമെന്നും പറയാനാകില്ല. ബീസ്റ്റിന്റെ ബോക്സോഫീസ് പ്രതികരണം നിർമ്മാതാവിനെ നിരാശനാക്കുന്നതല്ല എന്നായിരുന്നു റിപ്പോർട്ട്.
Post Your Comments