കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റ് ‘. ഇപ്പോഴിതാ, സിനിമയുടെ റിലീസ് തിയതി മാറ്റി. നേരത്തെ, സെപ്റ്റംബർ രണ്ടിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തിയതി മറ്റുന്നതെന്ന് ഫെല്ലിനി ഫേസ്ബുക്കിൽ കുറിച്ചു.
‘ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി ചോരയും നീരും കൊടുത്തിട്ടുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരെയാണ് മനസില്‍ കാണുന്നത്. ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയേറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തിയതി വൈകാതെ പ്രഖ്യാപിക്കും’ ഫെല്ലിനി ഫേസ്ബുക്കിൽ കുറിച്ചു.
തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയിൽ നായികയായി എത്തുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്. ജാക്കി ഷറോഫാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Post Your Comments