‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്. വിനയൻ തന്നെ തിരക്കഥയെഴുതിയ സിനിമ നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. സെപ്റ്റംബർ എട്ട് തിരുവോണ ദിനത്തിൽ സിനിമ തിയേറ്ററുകളിൽ എത്തും.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനയൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലെ പ്രതിസന്ധി കാലത്തും താൻ വ്യക്തിത്വം വിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് വിനയൻ പറയുന്നത്. എന്തു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും അതിൽ തളർന്നുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ട്രിപ്പിൾ റോളിൽ ടൊവിനോ: ‘അജയന്റെ രണ്ടാം മോഷണം’ ആരംഭിച്ചു
വിനയന്റെ വാക്കുകൾ:
എന്റെ നിലപാടുകളാണ് എന്റെ സമ്പാദ്യം. ഒരിക്കലും വ്യക്തിത്വം വിട്ടൊന്നും ചെയ്തിട്ടില്ല, അതിന്റെ വിലയാണ് ഞാൻ അനുഭവിച്ച നഷ്ടങ്ങൾ. എന്നാൽ, ഞാനത് കാര്യമാക്കുന്നില്ല. ഈ പ്രശ്‌നങ്ങൾക്കിടയിൽ ഞാൻ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുത്തത് എന്ന് ആർക്കും അറിയില്ല. സെറ്റിൽ നിന്ന് ക്യാമറ കാണാതാകുക, ക്യാമറാമാനെ കാണാതാകുക. ഞാനുമായി സഹകരിക്കുന്ന ആർട്ടിസ്റ്റുകളെയും തിയേറ്റർ ഉടമകളെയും ഫൈറ്റ് മാസ്റ്ററെയും മറ്റും ഭീഷണിപ്പെടുത്തി പിൻമാറ്റുക. പലരും പകുതിക്കുവച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാൻ സിനിമ എടുത്തത്.
ഞാനൊരു കുട്ടനാട്ടുകാരനാണ്. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയിൽ ജീവിച്ചവനാണ്. എന്തു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും അതിൽ തളർന്നുപോകില്ല, അതാണ് എന്റെ ഗുണമായി ഞാൻ കണക്കാക്കുന്നത്.
Post Your Comments