വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക.
വലിയ പ്രീ റിലീസ് ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചതെങ്കിലും സിനിമ തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണ്. ആദ്യ ദിനത്തിൽ 30 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്ത ചിത്രം മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോൾ എട്ട് കോടിയ്ക്ക് അടുത്ത് മാത്രമാണ് നേടിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ തന്നെ സിനിമയുടെ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചത്. 7.70 കോടിയായിരുന്നു സിനിമയുടെ രണ്ടാം ദിന കളക്ഷൻ. മൂന്നാം ദിവസത്തിൽ അത് 7.50 കോടിയിലേക്ക് വീണു. ഹിന്ദി പതിപ്പിന്റെ വരുമാനത്തിൽ 50 ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്.
റിലീസിന് തൊട്ടുമുൻപേ വിവാദങ്ങളിൽ ചിത്രം ഇടം നേടിയിരുന്നു. വാർത്താസമ്മേളനത്തിൽ വിജയ് മേശയ്ക്ക് മുകളിൽ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്കരിക്കണമെന്ന തരത്തിൽ ആഹ്വാനമുയർന്നിരുന്നു. സിനിമയ്ക്കെതിരേ കടുത്ത വിമർശനം നടക്കുന്ന സാഹചര്യത്തിൽ നടനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലെ പ്രമുഖ തിയേറ്ററുടമ രംഗത്തെത്തി. വിജയ്യുടെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നായിരുന്നു തിയേറ്റർ ഉടമ പറഞ്ഞത്.
Also Read: പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍: ‘ഋഷഭ’ എത്തുന്നത് നാല് ഭാഷകളിൽ
രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാർമി കൗറും, അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമ്മിച്ചത്.
Post Your Comments